Connect with us

National

സ്വയം സേവകന്‍, അഴിമതിരഹിത പ്രതിച്ഛായ, യുവത്വം; അധികാരത്തിലെത്തിച്ച സമവാക്യങ്ങള്‍

Published

|

Last Updated

മുംബൈ: കൗണ്‍സിലറില്‍ നിന്ന് മേയറിലേക്കും അവിടെ നിന്ന് മഹാരാഷ്ട്രയിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിപദത്തിലേക്കുമുള്ള ദേവേന്ദ്ര ഫട്‌നാവിസിന്റെ വളര്‍ച്ച ക്രമാനുഗതവും വേഗതയേറിയതുമായിരുന്നു. ആര്‍ എസ് എസില്‍ ആഴത്തിലുള്ള വേരുകളും അഴിമതിരഹിത പ്രതിച്ഛായയും പാര്‍ട്ടിക്കകത്ത് തന്നെ തിരുത്തല്‍ ശക്തിയെന്ന് തോന്നിപ്പിക്കുന്ന യുവത്വവും രാഷ്ട്രീയ കോണിയിലെ ഓരോ പടവും കയറിപ്പോകാന്‍ ഫട്‌നാവിസിനെ പ്രാപ്തനാക്കി. മറാഠ രാഷ്ട്രീയത്തിന്റെ തട്ടകമായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന രണ്ടാമത്തെ ബ്രാഹ്മണന്‍ ആണ് അദ്ദേഹം. ബി ജെ പിയുടെ മുന്‍ സഖ്യശക്തി ശിവസേനയുടെ മനോഹര്‍ ജോഷിയായിരുന്നു ഈ പദവിയിലെത്തിയ ആദ്യ ബ്രാഹ്മണന്‍.
ബി ജെ പി ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അന്ന് മുതല്‍ കടുത്ത ചരടുവലികളാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നടന്നത്. സംസ്ഥാന കമ്മിറ്റിയിലെ ഉന്നതരെല്ലാം വാദിച്ചത് കേന്ദ്ര മന്ത്രി നിധിന്‍ ഗാഡ്കരിക്ക് വേണ്ടിയായിട്ടും ഫിനിഷിംഗ് പോയിന്റില്‍ ഫട്‌നാവിസ് തന്നെ എത്തി. നിലവിലെ പ്രതിപക്ഷ നേതാവായിരുന്ന ഏക്‌നാഥ് ഖദ്‌സേ, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ സുധീര്‍ മുംഗാണ്ടിവാര്‍ തുടങ്ങിയ പേരുകളും അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. എല്ലാ പേരുകളെയും അവഗണിച്ച് അന്തിമ തീരുമാനം ഫട്‌നാവിസില്‍ തന്നെ എത്തിച്ചേര്‍ന്നതിന്റെ അടിസ്ഥാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും അദ്ദേഹത്തിലുള്ള വിശ്വാസം തന്നെയാണ്. “നാഗ്പൂര്‍ രാജ്യത്തിന് നല്‍കിയ വരദാനമാണ് ദേവേന്ദ്ര”യെന്നാണ് മോദി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞുകളഞ്ഞത്. മോദിമയമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണമെങ്കിലും മഹാരാഷ്ട്ര ബി ജെ പി ഘടകത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ അഭിമാനകരമായ വിജയത്തില്‍ ഫട്‌നാവിസിന്റെ പങ്ക് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു എന്ന് കൂടി ഈ സ്ഥാനലബ്ധിയില്‍ നിന്ന് മനസ്സിലാക്കാം. വരാന്‍ പോകുന്നത് ദേവേന്ദ്ര ഫട്‌നാവിസ് ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ആരു വന്നാലും പിന്തുണക്കുമെന്ന് ശിവസേന പ്രഖ്യാപനം നടത്തിയത്.
ജനസംഘത്തിലൂടെ വന്ന് പിന്നീട് ബി ജെ പി നേതൃനിരയിലേക്ക് ഉയര്‍ന്ന ഗംഗാധര്‍ ഫട്‌നാവിസിന്റെ മകനാണ് ദേവേന്ദ്ര ഫട്‌നാവിസ്. നിധിന്‍ ഗാഡ്കരിയടക്കമുള്ള നിരവധി നേതാക്കളുടെ രാഷ്ട്രീയ ഗുരുവാണ് ഗംഗാധര്‍ . അച്ഛന്റെ മകന്‍ എന്ന നിലയില്‍ എ ബി വി പിയുടെ നേതൃനിരയിലേക്ക് എത്തിച്ചേരാന്‍ ദേവേന്ദ്രക്ക് ഒരു പ്രയാസവും ഉണ്ടായില്ല. പിന്നെ നേരെ യുവമോര്‍ച്ച സംസ്ഥാനസമിതിയില്‍. 22ാം വയസ്സില്‍ നാഗ്പൂര്‍ കോര്‍പറേഷനില്‍ കൗണ്‍സിലറായി. 1997ല്‍ 27ാം വയസ്സില്‍ കോര്‍പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറും. 1999ല്‍ ആദ്യ അങ്കത്തില്‍ തന്നെ നിയമസഭയില്‍ എത്തി. പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന്റെ ശക്തനായ വക്താവായ ഫട്‌നാവിസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാഗ്പൂരില്‍ നിന്ന് മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയെങ്കിലും മന്ത്രിയായില്ല. ഇപ്പോള്‍ നാഗ്പൂര്‍ സൗത്ത് വെസ്റ്റ് സീറ്റിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്.
പാര്‍ട്ടി വ്യത്യാസമില്ലാതെ “മഹാ” രാഷ്ട്രീയത്തിലെ മിക്ക നേതാക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതി ആരോപണത്തിലുള്‍പ്പെട്ടവരാണ്. ദേവേന്ദ്ര ഫട്‌നാവിസ് ഈ പതിവ് തെറ്റിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്താണ്. ഇതുവരെ ഒരു അഴിമതിക്കഥയിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ജലസേചന കുംഭകോണം അടക്കം നിരവധി അഴിമതികള്‍ പുറത്ത് കൊണ്ടു വരാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്.
വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടി നിയമസഭക്കകത്തും പുറത്തും ശക്തമായി വാദിക്കുന്ന ഫട്‌നാവിസിന്റെ നേര്‍ എതിര്‍ ചേരിയിലായിരുന്നു ശിവസേന. മഹാരാഷ്ട്ര വിഭജിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ശിവസേന സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ പുറത്തേക്ക് പോകുമ്പോള്‍ ഒറ്റക്ക് മത്സരിക്കാന്‍ ബി ജെ പി ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് വേര്‍പിരിയലിന് ആക്കം കൂട്ടിയത് ഫട്‌നാവിസ് ആയിരുന്നു. നിയമത്തില്‍ ബിരുദവും ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള ഫട്‌നാവിസിനെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന ഒരേയൊരു വിമര്‍ശം പരിചയക്കുറവ് മാത്രമാണ്. അത് തികച്ചും അര്‍ഥവത്താണ് താനും. ഒരിക്കല്‍ പോലും മന്ത്രിയാകാത്ത ഒരാള്‍ മഹാരാഷ്ട്ര പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ പരിചയക്കുറവ് മുഴച്ച് നില്‍ക്കുക തന്നെ ചെയ്യും. പക്ഷേ അമിത് ഷായും മോദിയും പിന്നെ നാഗ്പൂരില്‍ നിന്ന് ആര്‍ എസ് എസ് നേതൃത്വവും ഈ സ്വന്തം യുവ നേതാവിനെ സംരക്ഷിച്ച് കൊണ്ടേയിരിക്കും. എല്ലാ തൊഴുത്തില്‍ കുത്തുകളും ഇവിടെ മുനയൊടിയും. കേന്ദ്രത്തില്‍ നരേന്ദ്ര, മഹാരാഷ്ട്രയില്‍ ദേവേന്ദ്ര.