Connect with us

National

തീവ്രവാദത്തിനെതിരെ ആഗോള മുസ്‌ലിംകള്‍ ഒന്നിക്കണം: കാന്തപുരം

Published

|

Last Updated

ബെല്ലാരി (കര്‍ണാടക): ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്‌ലിം സമൂഹങ്ങള്‍ ഒന്നിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. “മാനവകുലത്തെ ആദരിക്കുക” എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കര്‍ണാടക യാത്രക്ക് ബെല്ലാരി ജില്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ വേണ്ട വിധത്തില്‍ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍, മുസ്‌ലിം ജനവിഭാഗങ്ങളുടെ ഐക്യം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.
ഇന്നലെ ഉച്ചക്ക് ശേഷം ബെല്ലാരി ഹുവിനഹടഗലിയില്‍ നടന്ന സ്വീകരണ സമ്മേളനം കര്‍ണാടക തൊഴില്‍ മന്ത്രി പി ടി പരമേശ്വര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നത്തി. ഹുവിനഹടഗലി അന്‍ജുമന്‍ ഹിമായത്തുല്‍ ഇസ്‌ലാം മേധാവി മൗലാനാ ചാന്ത് സാഹബ് അധ്യക്ഷത വഹിച്ചു. അബൂസുഫിയാന്‍ ഇബ്‌റാഹീം മദനി സന്ദേശപ്രഭാഷണം നടത്തി.
ബെല്ലാരി ജില്ലയിലെ ഹുവിനഹടഗലിയില്‍ നടന്ന സ്വീകരണ സമ്മേളനം മത സൗഹാര്‍ദത്തിന്റെ വേദി കൂടിയായി മാറി. ഹുവിനഹടഗലി മഠത്തിലെ ഹരിശാന്ത വീരമഹാ സ്വാമി, കോഡൂര്‍ വെള്ളാരി ചര്‍ച്ചിലെ ഫാദര്‍ ഡോ. ജയപ്രകാശ് എന്നിവര്‍ കര്‍ണാടക യാത്രയുടെ മാനവിക സന്ദേശത്തെ അഭിനന്ദിച്ച് പ്രസംഗിച്ചു. പൊതുജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ കാന്തപുരത്തിന് സാധിക്കുമെന്നും വീരമഹാ സ്വാമി പറഞ്ഞു. മതത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് നടത്തുന്ന കര്‍ണാടക യാത്രക്ക് ഭാവുകങ്ങള്‍ അര്‍പ്പിച്ചാണ് ഡോ. ജയപ്രകാശ് സംസാരിച്ചത്. എസ് എസ് എഫ് ബെല്ലാരി ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിസ് സുഫിയാന്‍ സഖാഫി സ്വാഗതം പറഞ്ഞു. വൈകീട്ട് ഏഴ് മണിക്ക് ദാവണഗരയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 11 മണിക്ക് റാണബന്നൂര്‍, വൈകീട്ട് അഞ്ച് മണിക്ക് ഷിമോഗ എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. 29ന് ബട്കല്‍ ഉടുപ്പി. 30ന് ചിക്ക്മാംഗളൂര്‍, ഹാസന്‍, തുംകൂര്‍, 31ന് ബാംഗളൂരു. നവംബര്‍ ഒന്നിന് രാംനഗര്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്കു ശേഷം രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും. സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും. സയ്യിദലി ബാഫഖി, കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീലുല്‍ ബുഖാരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ഥശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി യു ടി ഖാദര്‍, മന്ത്രി ബി രാമനാഥ റൈ, എം പി നളിന്‍ കുമാര്‍ കട്ടീല്‍, എം എല്‍ എ മൊയ്തീന്‍ ബാവ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി സംബന്ധിക്കും.
വര്‍ഗീയതക്കും ത്രീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവത്കരണവുമായി കടന്നുപോകുന്ന കര്‍ണാടക യാത്ര മത സൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള ക്രിയാത്മക കൂട്ടായ്മക്ക് വേദിയായേക്കും.