Connect with us

Kerala

എബോളക്കെതിരെ സംസ്ഥാനത്ത് പഴുതടച്ച സുരക്ഷാ സംവിധാനം

Published

|

Last Updated

ebola-virus3കണ്ണൂര്‍: എബോള രോഗബാധിതരുള്ള രാജ്യങ്ങളില്‍ നിന്ന് നിത്യേന പത്ത് പേരെങ്കിലും സംസ്ഥാനത്തെത്തുന്നുവെന്നത് കണക്കിലെടുത്ത് പ്രതിരോധത്തിനായി കൂടുതല്‍ സംവിധാനമേര്‍പ്പെടുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പുറമെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും നടപടി തുടങ്ങി. എബോള സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ചികിത്സാ പരിശീലനം കഴിഞ്ഞെത്തിയ നാലംഗ വിദഗ്ധ സംഘമാണ് ഓരോ ജില്ലയിലെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാരെയും നഴ്‌സിംഗ് വിഭാഗത്തില്‍ നിന്ന് ഒരാളെയു മാണ് ഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറില്‍ നിന്ന് എബോള ചികിത്സാ പരിശീലനം നേടിയിട്ടുള്ളത്. ഇവരെക്കൂടാതെ നാല് പേരെക്കൂടി രോഗപ്രതിരോധത്തിനായുള്ള മാനേജ്‌മെന്റ് പരിശീലനത്തിനായി ബംഗളുരുവിലേക്ക് ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.
ഇതുവരെ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയാറാ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ഞൂറോളം യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധിച്ചു. ആഗോളതലത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് എബോള ബാധിച്ച് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്.
ഇതുവരെ നടത്തിയ പരിശോധനയില്‍ എബോള ബാധിതരെ കണ്ടെത്താ ന്‍ കഴിഞ്ഞിട്ടില്ല. പരിശോധന നടത്തിയ യാത്രക്കാരില്‍ പനിയുണ്ടായിരുന്ന രണ്ട് പേരുടെ രക്തപരിശോധന നടത്തിയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍പ്പെട്ട രണ്ട് പേരെയാണ് സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധിച്ചത്. എബോള ബാധിതരെന്ന് സംശയിക്കുന്ന യാത്രക്കാരെ കണ്ടെത്തിയാല്‍ രണ്ട് മുതല്‍ 21 ദിവസം വരെ നിരീക്ഷണം നടത്താനാണ് നിര്‍ദേശം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ഈ കാലയളവില്‍ നിരീക്ഷണത്തിനുള്ള ചുമതലയുണ്ടായിരിക്കുക.
വിമാനത്താവള ടെര്‍മിനലില്‍ നിന്ന് അകലെയായി ലാന്‍ഡ് ചെയ്യുന്ന വിമാനത്തില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ യാത്രക്കാരെ പുറത്തിറക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. എബോള രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്കായി യാത്രക്കാരെ പ്രധാന ടെര്‍മിനലിലേക്ക് കൊണ്ടുപോകും.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ ആംബുലന്‍സ് മാര്‍ഗം നേരിട്ട് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. എബോള ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രവേശിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസില്‍ കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുളളത് കേരളത്തിലാണെന്നും നിരീക്ഷണം ശക്തമായി തുടരുമെന്നും സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ സിറാജിനോട് പറഞ്ഞു. വിമാനത്താവളത്തിന് പുറമേ തുറമുഖങ്ങളിലും എബോള പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണം വലുതും ചെറുതുമായ എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ചു. തുറമുഖങ്ങളിലെത്തുന്നവരെ നിരീക്ഷിക്കാന്‍ എല്ലാ തുറമുഖങ്ങളിലും ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, എബോള വൈറസ് ബാധിതരുടെ എണ്ണം പതിനായിരവും മരിച്ചവരുടെ എണ്ണം അയ്യായിരവും കടന്നു. പശ്ചിമ ആഫ്രിക്കയില്‍ ഇതുവരെ 4550 പേരാണ് മരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും ലൈബീരിയ, ഘാന, സിയാറാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സിയാറാ ലിയോണില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Latest