Connect with us

Gulf

ജോലിക്കായി പുറപ്പെട്ടവര്‍ മരണത്തിലേക്ക് മടങ്ങി

Published

|

Last Updated

ദുബൈ: രാവിലെ പതിവു പോലെ കുളിച്ചൊരുങ്ങി ജോലിക്കായി പുറപ്പെട്ടവര്‍ മരണത്തിലേക്ക് മടങ്ങി. അല്‍ ഖൂസില്‍ ലേബര്‍ ക്യാമ്പിലെ സുരക്ഷാ ജീവനക്കാരില്‍ അഞ്ചു പേര്‍ക്കായി വിധി കാത്തുവെച്ചത് വാഹനം ഇടിച്ചു കയറിയുള്ള മരണമായിരുന്നു. മറ്റ് അപകടങ്ങളില്‍ റോഡില്‍ വെച്ച് വാഹനങ്ങള്‍ ഇടിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യാറുണ്ടെങ്കിലും നിര്‍ത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറി അഞ്ചുപേര്‍ മരിക്കുന്നത് യു എ ഇയില്‍ ആദ്യ സംഭവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് താമസിക്കുന്നത്. അതിരാവിലെ സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നു ഇവര്‍ക്ക് ഇനിയും മോചനമായിട്ടില്ല. പരസ്പരം സംസാരിച്ചും തമാശ പറഞ്ഞും വാഹനത്തിലേക്ക് കയറി നല്ലൊരു ദിവസമാവട്ടെയെന്നു കരുതിയവരാണ് മിനി വാനിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു കയറിയതോടെ ലോകത്തോട് വിടപറയേണ്ടി വന്നത്. അപകടത്തില്‍ സഹപ്രവര്‍ത്തകരും ഒരേ മുറിയില്‍ താമസിക്കുന്നവരും ആഘാതത്തില്‍ നിന്നു മോചനം നേടാന്‍ സാധിക്കുമോയെന്നും ഇവരില്‍ ചിലര്‍ സങ്കടത്തോടെ ചോദിച്ചു. പലര്‍ക്കും കണ്ണിന് മുമ്പില്‍ കണ്ട കാഴ്ചകള്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല. പെട്ടെന്ന് വാഹനം ഇടിച്ചു കയറുകയും സഹപ്രവര്‍ത്തകര്‍ ചതഞ്ഞരഞ്ഞ് മരണത്തിലേക്ക് നീങ്ങുകയായിരുന്നു. മുമ്പും അല്‍ ഖൂസ് ലേബര്‍ ക്യാമ്പിനോട് ചേര്‍ന്ന അല്‍ ഖൈല്‍ റോഡില്‍ നിരവധി അപകടങ്ങള്‍ സംഭവിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഇവിടെ താമസിക്കുന്നവര്‍ വ്യക്തമാക്കുന്നു.
മിനി ബസുകള്‍ അപകടത്തില്‍ പെടുന്നത് ഏറെ ജീവാപായം സൃഷ്ടിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മിനിബസുകള്‍ നിരോധിക്കുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണ്.

 

Latest