പട്ടേലിന്റെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കും

Posted on: October 23, 2014 9:26 am | Last updated: October 23, 2014 at 11:04 pm

sardhar vallabhai patttelമുംബൈ: ഉരുക്കുമനുഷ്യനെന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 31 ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ദിനാചരണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. പട്ടേലിന്റെ സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അറിവില്ല. പാഠപുസ്തകത്തില്‍ പോലും അദ്ദേഹത്തെ കുറിച്ച് കാര്യമായ വിവരണങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനിക ഇന്ത്യയെ പരുവപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബര്‍ 31 ദേശീയോദ്ഗ്രഥന ദിനാചരണമെന്ന് മന്ത്രി പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും രാവിലെ കൂട്ടയോട്ടം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹം ആകാശവാണിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യും. പോലീസിന് പുറമെ എന്‍ സി സി, എന്‍ എസ് എസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ഹോം ഗാര്‍ഡ് എന്നീ വിഭാഗങ്ങള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മാര്‍ച്ച് നടത്തും. കൂട്ടയോട്ടത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നതിനുള്ള വിവരങ്ങള്‍ ഉടന്‍ വെബ്‌സൈറ്റിലൂടെയും പരസ്യങ്ങളിലൂടെയും അറിയിക്കും.