Connect with us

Palakkad

ട്രാഫിക് പരിഷ്‌കാരം: ഗ്രാമീണ മേഖലയില്‍ ബസുകള്‍ക്ക് ഇന്ധന ലാഭം

Published

|

Last Updated

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരംമൂലം ഗ്രാമീണ മേഖലയില്‍ സര്‍വീസ് നടത്തുന്നബസുകള്‍ക്ക് മുന്നൂറു രൂപയുടെ ഇന്ധനലാഭം. മംഗലംഡാം, മുടപ്പല്ലൂര്‍, പുതുക്കോട്, കണ്ണമ്പ്ര, കിഴക്കഞ്ചേരി ഭാഗത്തുനിന്നും വരുന്ന ബസുകള്‍ക്കാണ് പുതിയ ട്രാഫിക് പരിഷ്‌കാരം അനുഗ്രഹമായത്.—നേരത്തെ ഉള്‍പ്രദേശങ്ങളില്‍നിന്നും വന്നിരുന്ന ബസുകള്‍ അടുത്ത ട്രിപ്പിനുള്ള സമയം ക്രമീകരിക്കാനായി ഒന്നുരണ്ടുതവണ ടൗണിലൂടെയും ഹൈവേയിലൂടെയും കറങ്ങണം. യാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടായിരുന്നു.—ദിവസം എട്ടു ട്രിപ്പുള്ള ബസ് ഇത്തരത്തില്‍ പലതവണ അനാവശ്യമായി കറങ്ങുന്നതുമൂലം 24 കിലോമീറ്റര്‍ അധികദൂരം ഓടേണ്ടിവരുന്ന സ്ഥിതി ഉണ്ടായിരുന്നെന്ന് ബസുടമയായ ബേബി പറഞ്ഞു. സേവ് ഫ്യൂവല്‍ എന്ന് എല്ലായിടത്തും എഴുതിവെക്കുകയും എന്നാല്‍ ഇന്ധനം അനാവശ്യമായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരുന്നതെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ട്രാഫിക് പരിഷ്‌കരണം വഴി ഹൈവേയിലെ ക്രോസിംഗും കുറയ്ക്കാനായി. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറഞ്ഞതിനൊപ്പം ബസുകളുടെ മെയിന്റനന്‍സ് ചെലവും കുറയും. ബസുകള്‍ക്കിപ്പോള്‍ സ്റ്റാന്‍ഡിലിട്ട് സമയമാകുമ്പോള്‍ മാത്രം ടൗണിലൂടെ പോകാന്‍ സൗകര്യമായി. വടക്കഞ്ചേരി ടൗണിലൂടെ ടുവേ ബസ് സര്‍വീസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. മുഴുവന്‍ ബസുകളുടെ വരവും പോക്കും ടൗണിലൂടെയാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യവും ശക്തമാണ്.

 

Latest