Connect with us

Malappuram

മുജാഹിദ് പള്ളിയില്‍ അവകാശത്തര്‍ക്കം: ഭാരവാഹികളാകാന്‍ 55 പേര്‍

Published

|

Last Updated

വണ്ടൂര്‍: മുജാഹിദ് പള്ളിയുടെ കമ്മിറ്റി ഭാരവാഹി സ്ഥാനത്തിനായി തിരഞ്ഞെടുപ്പ് മത്സരം. 25 അംഗ കമ്മിറ്റിയിലേക്ക് ഭാരവാഹികളാകാന്‍ 55 പേരെയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. വാണിയമ്പലം തൊടിയപ്പുലം മുജാഹിദ് പള്ളിയിലാണ് സംഭവം. പത്ത് വര്‍ഷത്തോളമായി ഇവിടെ പള്ളി കമ്മിറ്റി പ്രവര്‍ത്തിക്കാത്തതിനാല്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ ഇന്നലെ തിരഞ്ഞെടുപ്പ് നടത്തി. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു അവസരം. മത്സരിക്കുന്നവരുടെ പേര് വിവരങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ വിതരണം ചെയ്തിരുന്നു. നിരവധി മുജാഹിദ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ രഹസ്യമായുള്ള തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
മുജാഹിദ് സംഘടനയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി കമ്മിറ്റി തിരഞ്ഞെടുപ്പ് മുടങ്ങികിടക്കുകയായിരുന്നു. ഇതിനിടെ മുഖ്യ ഭരണ കര്‍ത്താവ് (മുതവല്ലി) കെടി ഹംസ മൗലവിയുടെ നേതൃത്വത്തിലാണ് ബാലറ്റ് പേപ്പറുകളുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്. മൂന്ന് വര്‍ഷ കാലത്തേക്ക് പുതിയ ഭാരവാഹികളെയാണ് ഇങ്ങിനെ തിരഞ്ഞെടുക്കുന്നത്. ഇതിനായി പ്രത്യേക ഇലക്ഷന്‍ കമ്മീഷനെയും നിയമിച്ചിരുന്നു. ആദ്യ ഘടത്തില്‍ കമ്മറ്റിയിലേക്ക് പേര് നിര്‍ദേശിക്കാന്‍ അവസരം നല്‍കി. 25 അംഗ കമ്മിറ്റിയിലേക്ക് 55 പേരാണ് നിര്‍ദേശങ്ങളായി എത്തിയത്. ഇതില്‍ നിന്നും 25 പേരെ കണ്ടെത്തുന്നതിന് ബാലറ്റ് പേപ്പറുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 18 വയസ്സ് പൂര്‍ത്തിയായ 333 പുരുഷന്മാര്‍ക്കായിരുന്നു വോട്ടവകാശം. ഇതില്‍ 70 ഓളം പേര്‍ വിദേശ രാജ്യങ്ങളിലാണ്. അവശേഷിക്കുന്നവര്‍ക്കായി ഇന്നലെ രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് മൂന്നിനാണ് സമാപിച്ചത്. ശേഷം നടന്ന വോട്ടെണ്ണല്‍ രാത്രി പത്തോടെ അവസാനിച്ചു. സമീപ മഹല്ലുകളില്‍ നിന്നുള്ള എട്ടംഗ സംഘത്തിനായിരുന്നു വോട്ടെടുപ്പിന്റെ ചുമതല.