Connect with us

Kerala

ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് ഏകീകരിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഏകീകരണത്തിന് കളമൊരുങ്ങുന്നു. കരുണാകരന് ശേഷം ശിഥിലമായ ഐ ഗ്രൂപ്പിന്റെ ഏകീകരണമാണ് നീക്കത്തിലൂടെ നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഐ വിഭാഗത്തിലെ നേതാക്കള്‍ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഒരുമിച്ച് നീങ്ങാന്‍ തീരുമാനമെടുത്തു.
ഒപ്പം നാലാ ഗ്രൂപ്പിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ കെ പി സി സി സെക്രട്ടറിയും നിലവില്‍ കെ ടി ഡി സി ചെയര്‍മാനുമായ വിജയന്‍ തോമസിന്റെ വസതിയില്‍ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ മുരളീധരനും പത്മജാ വേണുഗോപാലും പങ്കെടുത്തു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐ വിഭാഗം നേതാക്കള്‍ ഒരുമിച്ച് ചേരുന്നത്. ഗ്രൂപ്പ് ഏകീകരണത്തിലൂടെ സംഘടനാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കുക കൂടി നീക്കത്തിന്റെ ലക്ഷ്യമാണ്. ഐ, വിശാല ഐ എന്നിങ്ങനെയുള്ള വേര്‍തിരിവില്ലാതെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് തീരുമാനം. രമേശ്‌ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാന്‍ കരുണാകരന്റെ മക്കളായ കെ മുരളീധരനും പദ്മജാ വേണുഗോപാലും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കെ കരുണാകരന്റെ ആശ്രിതരോട് പാര്‍ട്ടി നീതികാണിച്ചില്ലെന്ന വൈകാരിക പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് കെ മുരളീധരനെയും പത്മജാവേണുഗോപാലിനെയും ഗ്രൂപ്പില്‍ കുരുക്കിയിട്ടിരിക്കുന്നത്.
ഭാവിയില്‍ ചെന്നിത്തല മുഖ്യമന്ത്രിയും കെ മുരളീധരന്‍ കെ പി സി സി അധ്യക്ഷനുമാകുന്ന സാഹചര്യത്തിനാണ് കളമൊരുക്കുന്നത്. കരുണാകരന്റെ പ്രായോഗിക രാഷ്ട്രീയം ഫലപ്രദമായി വിനിയോഗിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. കെ പി സി സി നേതൃനിരയിലും എം എല്‍ എമാരിലുമുള്ള പഴയ ഐ ഗ്രൂപ്പ് നേതാക്കളുമായി ചെന്നിത്തലയും മുരളീധരനും ചര്‍ച്ച നടത്തിക്കഴിഞ്ഞു. അധികാരം ലക്ഷ്യമിട്ടുതന്നെ മുന്നോട്ടു നീങ്ങാനാണ് ഇവരുടെ തീരുമാനം.
കെ സുധാകരന്‍, വി ഡി സതീശന്‍, എം ഐ ഷാസവാസ്, കെ സി വേണുഗോപാല്‍, വി എസ് ശിവകുമാര്‍, എ പി അനികുമാര്‍ എന്നിവരും, കെ പി സി സി ഭാരവാഹികളും ഡി സി സി അധ്യക്ഷന്മാരും യോഗത്തിനെത്തിയിരുന്നു. സംഘടനാതിരഞ്ഞെടുപ്പിലെ യോജിച്ചുള്ള പ്രവര്‍ത്തനം ഒരുപരീക്ഷണമായി കണ്ട് മുന്നോട്ട് പോകാനാണ് ധാരണ. കെ കരുണാകരന്റെ കാലത്തേതുപോലെ ഐ ഗ്രൂപ്പിനെ ശക്തമായി നിലനിര്‍ത്തണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. കെ കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ക്ഷയിച്ച ഐ ഗ്രൂപ്പ് പിന്നീട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ എന്ന പേരില്‍ നിലവില്‍ വന്നെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
കോണ്‍ഗ്രസിലെ പതിവ് അനുസരിച്ച് രണ്ട് പ്രബല ഗ്രൂപ്പുകളിലെ നേതാക്കള്‍ മാത്രമാണ് മുഖ്യമന്ത്രി, കെ പിസി സി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളില്‍ എത്തിയത്.
കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിലൂടെ ഐ ഗ്രൂപ്പ് ചിന്നഭിന്നമായതാണ് സുധീരന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കിയത്. ഐ ഗ്രൂപ്പ് നേതാക്കള്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ ചെന്നിത്തലയും മുരളീധരനുമടക്കമുള്ള നേതാക്കള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന തിരിച്ചറിവാണ് പുതിയ കൂട്ടായ്മക്ക് നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.
കരുണാകരന്റെ ആന്റണിയുടെ നേതൃത്വത്തിന്‍ മേല്‍ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം നിലനിന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആന്റണിക്ക് ശേഷം ഗ്രൂപ്പിന്റെ മേധാവിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കുകയും ശക്തമായി നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കരുണാകരന് ശേഷം ഐ ഗ്രൂപ്പിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയെ മുന്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് യുദ്ധതിന് കളമൊരുങ്ങുന്നത്. ഈ ഏകീകരണത്തിലൂടെ രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിക്ക് സമാന്തരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ ഐ ഗ്രൂപ്പിന്റെ പുനരുജ്ജീവനമാണ് പ്രധാനമായും നേതാക്കള്‍ ലക്ഷ്യമിടുന്നത്. വി എം സുധീന്‍ കെ പി സി സി അധ്യക്ഷനായ പുതിയ സാഹചര്യങ്ങളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം സര്‍ക്കാറിനെയും കെ പി സി സി അധ്യക്ഷനെയും പൂര്‍ണമായും പിന്തുണച്ചു കൊണ്ടാണ് ഗ്രൂപ്പ് ഏകീകരണം നേതാക്കള്‍ നടപ്പാക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തുന്ന കേരളയാത്രയുടെ പ്രചാരണം ഗ്രൂപ്പ് ഏകീകരണ പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്.
കെ മുരളീധരന്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വന്ന ശേഷം രമേശ് ചെന്നിത്തലയുമായി യോജിച്ച നിലപാടാണ് സ്വീകരിച്ച് വന്നിരുന്നത്. എന്നാല്‍ അകലം വിട്ട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ പത്മജാ വേണുഗോപാലും ഇപ്പോള്‍ തയ്യാറായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകുക എന്ന നേതാക്കളുടെ തീരുമാനത്തോടെ അണികളും ഇനി ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കും.
അതേസമയം എ, ഐ ഗ്രൂപ്പുകളിലേക്കുള്ള ധ്രുവീകരണം ശക്തമാകുന്നതോടെ ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് കാര്യങ്ങള്‍ ഏറെ ദുഷ്‌കരമാകും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest