Connect with us

National

വടക്കുകിഴക്കന്‍ മേഖലക്കാര്‍ക്ക് ഹെല്‍പ്‌ലൈന്‍ സംവിധാനം

Published

|

Last Updated

ഗുഡ്ഗാവ്: വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രധാന നഗരങ്ങളില്‍ ഹെല്‍പ്‌ലൈന്‍ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുഡ്ഗാവിലാണ് ഇതിന്റെ തുടക്കം. നാഗാലാന്‍ഡില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ക്കെതിരെ ബുധനാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില പരിശോധിക്കാന്‍ ഗുഡ്ഗാവിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാന്‍ ഈ ഹെല്‍പ്‌ലൈന്‍ സംവിധാനം ഉപകരിക്കുമെങ്കില്‍ മെട്രോ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും താന്‍ കണ്ടതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചതായും റിജിജു പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വംശീയ, വിദ്വേഷ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിന് എല്ലാ മാര്‍ഗവും ആരായും. രാജ്യത്തിന്റെ അഖണ്ഡത കളഞ്ഞുകുളിക്കാന്‍ സമ്മതിക്കില്ല. വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് തുല്യ അവകാശങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണത്തെ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരില്‍ നിയമിച്ച കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കേന്ദ്രം ഉടനെ നടപ്പാക്കുമെന്നും റിജിജു അറിയിച്ചു. ഡല്‍ഹിയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എം എല്‍ എയുടെ മകനായ നിദോം തനിയാം എന്ന വിദ്യാര്‍ഥിയുടെ മരണത്തിന് ശേഷമുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ്, നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ അംഗമായ എം പി ബെസ്ബാരുഹയുടെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
കഴിഞ്ഞ ജൂലൈ 11ന് റിപ്പോര്‍ട്ട് ആഭ്യന്തര സഹമന്ത്രി റിജിജുവിന് സമര്‍പ്പിച്ചു. ഗുഡ്ഗാവിലെ നിലവിലെ അന്തരീക്ഷത്തില്‍ പൊതുസമൂഹവും പോലീസും തൃപ്തരാണെന്ന് റിജിജു പറഞ്ഞു. ഡല്‍ഹിയില്‍ ഇല്ലാത്തത് കൊണ്ടാണ് സംഭവം നടന്നയുടനെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.