Connect with us

Palakkad

മണ്ണാര്‍ക്കാട്ടും വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: വില്‍പ്പന നികുതി വകുപ്പിന്റെ വിജിലിന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് വ്യാപാരികള്‍ കടകളടച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പളളിപ്പടിയിലുളള ഗ്ലാസ് ആന്റ് പ്ലൈവുഡ് കടയിലേക്ക് പാലക്കാട് വില്‍പ്പന നികുതി വാര്‍ഡ് 7ലെ വിജിലന്‍സ് ഓഫീസര്‍ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലുളള സംഘം പരിശോധനക്കെത്തിയത്. വിവരമറിഞ്ഞ മണ്ണാര്‍ക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു, സെക്രട്ടറി കുറുവണ്ണ ബഷീര്‍, യൂത്ത് വിങ് ഭാരവാഹികളായ ബൈജു രാജേന്ദ്രന്‍, സി—ഷമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തി. മുന്നറിപ്പ് കൂടാതെ വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ നടത്തുന്ന റൈഡ് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ഇത് അല്‍പ്പ നേരം ബഹളത്തിനിടയാക്കി. മണ്ണാര്‍ക്കാട് എസ്—ഐ ദീപക് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഉദ്ദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് സൗകര്യമൊരുക്കി. വ്യാപാരികളുടെ പ്രതിഷേധം ശക്തമാവുകയും റൈഡില്‍ പ്രതിഷേധിച്ച നഗരത്തില്‍ പ്രകടനം നടത്തുകയും കടകളടച്ചിടുകയും ചെയ്തു.
ഉച്ചക്ക് രണ്ടരമണിയോടെ പരിശോധന പൂര്‍ത്തിയാക്കി ഉദ്ദ്യോഗസ്ഥര്‍ മടങ്ങിയതിനുശേഷമാണ് കടകള്‍ തുറന്നത്. കടയിലെസ്റ്റോക്ക് സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചതെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.