Connect with us

Business

ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും തളര്‍ച്ചയില്‍

Published

|

Last Updated

കൊച്ചി: വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം തിരിച്ചു പിടിക്കാന്‍ കാണിച്ച നീക്കം മൂലം തുടര്‍ച്ചയായ മൂന്നാം വാരത്തിലും സെന്‍സെക്‌സിനും നിഫ്റ്റിയും തിരിച്ചു വരവ് നടത്താനായില്ല. വര്‍ഷാന്ത്യം അടുത്തതാണ് നിക്ഷേപകരെ പണം തിരിച്ചു പിടിക്കാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം. വെളളിയാഴ്ച മാത്രം വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 720 കോടി രുപയുടെ ഓഹരികള്‍ വിറ്റുമാറി. മൊത്തം 3,000 കോടി രൂപയുടെ വില്‍പ്പനയാണ് മുന്നാഴ്ചക്കിടയില്‍ അവര്‍ നടത്തിയത്. പെരുന്നാള്‍ മൂലം ഒരു ദിവസം അവധിയായിരുന്നതിനാല്‍ കടന്നുപോയ വാരത്തിലും നാല് ദിവസം മാത്രമാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചത്. ബുധനാഴ്ച മഹാരാഷ്ട്ര തിരെഞ്ഞടുപ്പ് നടക്കുന്നതിനാല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് അവധിയാണ്.
പിന്നിട്ടവാരം അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദം മുലം ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് നാല് ശതമാനം താഴ്ന്നു. മെറ്റല്‍ ഇന്‍ഡക്‌സ്, എഫ് എം സി ജി, ഓട്ടോ, ഐ റ്റി, പവര്‍, പെട്രോളിയം, റിയാലിറ്റി, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഓഹരികള്‍ക്കും തളര്‍ച്ച.
ബോംബെ സെന്‍സെക്‌സ് 340 പോയിന്റ് താഴ്ന്നു. സൂചിക ഉയര്‍ന്ന നിലവാരമായ 26,678 വരെ ഉയര്‍ന്ന അവസരത്തില്‍ സംഭവിച്ച വില്‍പ്പന തരംഗത്തില്‍ 26,156 ലേക്ക് ഇടിഞ്ഞു. എന്നാല്‍ വാരാവസാനം വിപണി 26,297 ലാണ്. സെന്‍സെക്‌സിനു അതിന്റെ 20, 50 ഡി എം എ നഷ്ടപ്പെട്ട സാഹചര്യത്തില്‍ താഴ്ന്ന തലങ്ങളിലേക്ക് പരീക്ഷണം നടത്താം.
എന്‍ എസ് ഇ നിഫ്റ്റി 100 പോയിന്റ് ഇടിഞ്ഞു. ഒരവസരത്തില്‍ 7.968 വരെ കയറിയ നിഫ്റ്റി വാരാവസാനം 7,815 ലേക്ക് നീങ്ങിയെങ്കിലും മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 7,859 ലാണ്. നിഫ്റ്റി സൂചിക 20,50 ദിവസങ്ങളിലെ ശരാശരിക്ക് താഴെയാണ് വാരാന്ത്യം.
മുന്‍ നിരയിലെ 30 ഓഹരികളില്‍ 11 ഓഹരികള്‍ മികവ് നിലനിര്‍ത്തിയപ്പോള്‍ 19 ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. ഡോ. റെഡീസ് ഓഹരി വില 6.27 ശതമാനവും എം ആന്റ് എം 5.19 ശതമാനവും സിപ്ല അഞ്ച് ശതമാനവും സണ്‍ ഫാര്‍മ്മ 4.84 ശതമാനവും എച്ച് ഡി എഫ് സി 4.17 ശതമാനവും കുറഞ്ഞു. ഇന്‍ഫോസീസ്. ഹിന്‍ഡാല്‍ക്കോ, ഐ റ്റി സി, ടാറ്റാ മോട്ടേഴ്‌സ് ഓഹരി വിലകളും താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബി എച്ച് ഇ എല്‍, ഐ സി ഐ സി ഐ, ടാറ്റാ പവര്‍, എസ് ബി ഐ, എന്‍ റ്റി പി സി, എല്‍ ആന്‍ഡ് റ്റി ഓഹരി വിലകള്‍ മെച്ചപ്പെട്ടു. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ റിപ്പോര്‍ട്ടുകള്‍ക്ക് തുടക്കം കുറിച്ചു. ഇന്‍ഫോസീസ് മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടു.
ഫണ്ടുകളുടെ വില്‍പ്പന സമ്മര്‍ദം മൂലം വിപണിയുടെ മൊത്തം മൂല്യത്തില്‍ 42,519 കോടി രൂപയുടെ ഇടിവ്. കനത്ത തിരിച്ചടി നേരിട്ട റ്റി സി എസി ന്റെ വിപണി മുല്യത്തിലുണ്ടായ നഷ്ടം 18,911 കോടി രൂപയാണ്. ഐ റ്റി സി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി, ആര്‍ ഐ എല്‍, എസ് ബി ഐ, ഒ എന്‍ ജി സി എന്നിവക്കും നഷ്ടം സംഭവിച്ചു.
ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും തളര്‍ച്ചയിലാണ്. ചൈനീസ് വ്യാവസായിക മാന്ദ്യം, പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ, എംബോള ബാധ തുടങ്ങിയവയെല്ലാം ഓപ്പറേറ്റര്‍മാരെ പിന്‍തിരിപ്പിച്ചു.