Connect with us

Kerala

മര്‍കസ് ലോ കോളേജ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

Markaz Law College Inagurated

കോഴിക്കോട്: സാധാരണ ജനങ്ങള്‍ക്ക് നിയമസേവനം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് കൂടുതല്‍ നിയമ സേവനങ്ങള്‍ ചെയ്യാന്‍ പുതിയ അഭിഭാഷകര്‍ക്ക് സാധിക്കണമെന്നും മര്‍കസ് ലോ കോളേജിന് ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ലോ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരന്തൂര്‍ മര്‍കസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

മര്‍കസ് നോളജ് സിറ്റിയുടെ പതിനാലോളം വരുന്ന സ്ഥാപനങ്ങളില്‍ ആദ്യ സംരംഭമാണ് ലോ കോളേജ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും അംഗീകാരമുള്ള മര്‍കസ് ലോ കോളേജില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി ബി എ എല്‍ എല്‍ ബി, ത്രിവല്‍സര എല്‍ എല്‍ ബി എന്നീ കോഴ്‌സുകളാണുള്ളത്. കാരന്തൂരിലെ മര്‍കസ് കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ച ലോ കോളേജ് രണ്ടു വര്‍ഷത്തിനകം നോളജ് സിറ്റിയിലേക്ക് മാറ്റാനാണ് പദ്ധതി.

ഡോ. ത്വാഹിര്‍ മഹ്മൂദ് ചെയര്‍മാനും ഡോ. സെബാസ്റ്റ്യന്‍ പോള്‍ അംഗവുമായ വിദഗ്ധ സമിതിക്കാണ് ലോ കോളേജിന്റെ അക്കാദമിക മേല്‍നോട്ടം. കോഴിക്കോട് ഗവ: ലോ കോളേജ്, എറണാകുളം ഗവ: ലോ കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. പി.എസ് ഗോപിയാണ് മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍. മികച്ച അക്കാദമിസ്റ്റുകളുടെയും അഭിഭാഷകരുടെയും പാനല്‍ മാസാന്ത ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്ക് നിയമോപദേശവും നിയമ സഹായവും നല്‍കുന്നതിന് വേണ്ടിയുള്ള ലീഗല്‍ എയ്ഡ് ക്ലിനിക്കും ലോ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി സ്വാഗതം പറഞ്ഞു. മര്‍കസ് നോളജ്‌സിറ്റി സി ഇ ഒ ഡോ.അബ്ദുസ്സലാം, എം കെ രാഘവന്‍ എം പി, ലക്ഷദ്വീപ് എം പി പി പി മുഹമ്മദ്‌ഫൈസല്‍, എം എല്‍ എമാരായ പി ടി എ റഹീം, സി മോയിന്‍കുട്ടി, എ പ്രദീപ് കുമാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി എസ് അജിത്ത്, ബാര്‍ കൗണ്‍സില്‍ കേരള ചെയര്‍മാന്‍ അഡ്വ.ടി എച്ച് അബ്ദുല്‍ അസീസ്, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.അശോക് കുമാര്‍, സി മുഹമ്മദ് ഫൈസി, അഡ്വ. ഇസ്മാഈല്‍ വഫ എന്നിവര്‍ പ്രസംഗിച്ചു. മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി എസ് ഗോപി നന്ദി പറഞ്ഞു.

 

Latest