Connect with us

Thrissur

മുഖ്യമന്ത്രിയുടെ സൂതാര്യ കേരളം തുണയായി: രത്‌നവല്ലിയുടെ വീടെന്ന സ്വപ്‌നം പൂവണിഞ്ഞു

Published

|

Last Updated

തൃശൂര്‍: സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും കൂരയ്ക്കുമായി 1965 ല്‍ തുടങ്ങിയ ബാലകൃഷ്ണന്റെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ സൂതാര്യകേരളത്തിലൂടെ പരിഹാരം . ബാലകൃഷ്ണ ന്റെ ഭാര്യ രത്‌നവല്ലി നല്‍കിയ പരാതിക്ക് കഴിഞ്ഞ ദിവസം വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ തൃശൂര്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ മുഖാമുഖത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിഹാരം കണ്ടു.
മുകുന്ദപുരം താലൂക്കില്‍പ്പെട്ട പടിയൂരില്‍ 10 സെന്റ് ഭൂമി നല്‍കാനും അഞ്ചുലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് അനുവദിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മാധ്യമങ്ങള്‍ ഇതു സംബന്ധി ച്ച് മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തകളും തൃശൂര്‍ സൂതാര്യകേരളം ജില്ലാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ എം.എസ്. ജയയുടെ നേതൃത്വത്തില്‍ രത്‌നവല്ലിക്കായി മുഖ്യമന്ത്രി അനുവദിച്ച സ്ഥലവും പണവും വേഗത്തില്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളുകയാണ് ജില്ലാ ഭരണകൂടം.
കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതി ടീച്ചര്‍ വൃദ്ധസദനം പണിയാന്‍ ദാനമായി നല്‍കിയ 57 സെന്റ് സ്ഥലത്ത് ഉദ്ദേശിച്ച സ്ഥാപനം പണിയാതെ ഒരു സംഘടന കേന്ദ്രഫണ്ട് സ്വരൂപിച്ചതായുള്ള ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി സുതാര്യകേരളത്തി ലൂടെ ആരാഞ്ഞു. പ്രശ്‌ന പരിഹാരത്തിന്റെ ആദ്യപടിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച വിഷയ ങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
മണ്ണുത്തിയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം കോടികള്‍ വിലമതിക്കുന്നതാണ്. വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി ടീച്ചര്‍ സുതാര്യകേരളത്തിലൂടെ നലകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം.
ചേലക്കര വെങ്ങാനെല്ലൂര്‍ പറമ്പില്‍ വീട്ടില്‍ കോമളത്തിന്റെ മകന്‍ പി.ആര്‍. സനോജിന്റെ ചികിത്‌സാ സഹായത്തിനും മുഖ്യമന്ത്രിയുടെ സഹായഹസ്തമെത്തി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഇടതുകൈ തോളിന് മുകളില്‍വെച്ച് മുറിച്ചു മാറ്റിയ സനോജിന് കൃത്രിമകൈ വയ്ക്കാന്‍ ഒരു ലക്ഷം രൂപയും മരുന്നിന്റെ ചെലവും വേണ്ടിവരും. അച്ഛന്‍ 5 വര്‍ഷം മുമ്പ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. അമ്മ ഒരു വശം തളര്‍ന്ന് കിടപ്പിലുമാണ്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സനോജിന്റെ ദുരന്തകഥ സുതാര്യ കേരളത്തിന്റെ ജില്ലാ ഓഫീസ് മുഖാന്തിരമാണ് മുഖ്യമന്ത്രി അറിഞ്ഞത്. ചികിത്സക്ക് 1 . 25 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രി സനോജിന്റെ കുടുംബം വീട് പണിയാന്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത 80,000 രൂപയുടെ അടവ് ബാക്കിയില്‍ ഇളവു വരുത്താന്‍ കഴിയുമോയെന്നത് പരിശോധിക്കാനും അധികൃതരോട് നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി വി അബ്ബാസ് , ഡെപ്യുട്ടി കലക്ടര്‍ സി വി സജന്‍ , ഡെപ്യുട്ടി കലക്ടര്‍ കെ ഇന്ദിര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം എസ് അലിക്കുഞ്ഞ്, സുതാര്യകേരളം കോ-ഓര്‍ഡിനേറ്റര്‍ എം ടി സനിത പങ്കെടുത്തു.

Latest