Connect with us

Idukki

വെള്ളത്തൂവലിലെ പൂട്ടിയ മദ്യഷോപ്പ് തുറക്കണമെന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍

Published

|

Last Updated

തൊടുപുഴ: വെള്ളത്തൂവലിലെ പൂട്ടിയ മദ്യഷോപ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, സിപി എം, സി പി ഐ ലോക്കല്‍ കമ്മിറ്റികള്‍, വ്യപാരി വ്യവസായി ഏകോപന സമിതി, സര്‍വീസ് സഹകരണ ബേങ്ക് എന്നിവരാണ് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് വെള്ളത്തൂവലില്‍ ബിവറേജസ് കോര്‍പറേഷന്‍ മദ്യശാല ആരംഭിച്ചത്. പുതിയ മദ്യ നയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇത് പൂട്ടിയിരുന്നു. പ്രദേശത്തിന്റെ വികസനത്തേയും ഓട്ടോ-ടാക്‌സി തൊഴിലാളികളെയും നടപടി പ്രതികൂലമായി ബാധിച്ചുവെന്ന് ഇവര്‍ നല്‍കിയ കത്തില്‍ പറയുന്നു. പഴയകാലത്ത് വ്യാപാര രംഗത്തും മറ്റും ഏറെ മുമ്പന്തിയിലായിരുന്നു വെള്ളത്തൂവല്‍. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വളര്‍ന്നതോടെ വെള്ളത്തൂവല്‍ പേരില്‍ മാത്രമൊതുങ്ങി. തൊഴിലവസരങ്ങള്‍ നഷ്ടമാകുന്ന നടപടി പുന:പരിശോധിക്കണമെന്നാണ് സംയുക്ത രാഷ്ട്രീയ കക്ഷികളുടെ ആവശ്യം. എന്നാല്‍ ജനകീയാവശ്യമല്ലെന്ന കാരണത്താല്‍ എക്‌സൈസ്‌വകുപ്പ് മന്ത്രി ബാബു ആവശ്യം നിരാകരിച്ചതായി അറിയുന്നു.
ഇതിനിടെ അണികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി ചെറുക്കാന്‍ പൂട്ടിയ മദ്യഷോപ്പ് തുറക്കണമെന്ന ആവശ്യത്തിനായി കൈകോര്‍ത്ത പ്രാദേശിക രാഷ്ട്രീയ നേതൃത്വം വെട്ടിലായി. ഉറച്ച പാര്‍ട്ടി അനുയായികളായ ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള നൂറോളം പേര്‍ ബി ജെ പിയില്‍ ചേക്കേറുമെന്ന ഭീഷണിയാണ് പൂട്ടിയ മദ്യവില്‍പ്പന ശാലക്കയായി ഒരുമിക്കാന്‍ ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ നിര്‍ബന്ധിതരാക്കിയത്. ഐ എന്‍ ടി യു സി , സി ഐ ടി യു തൊഴിലാളികള്‍ മറ്റ് തൊഴിലാളി സംഘടനകളിലേക്ക് മാറുമെന്ന് കാണിച്ച് ഇവരെ സമീപിച്ചിരുന്നു. കൂട്ടത്തോടെയുള്ള കൊഴിഞ്ഞ് പോക്ക് പാര്‍ട്ടികള്‍ക്ക് ക്ഷീണം ചെയ്യുമെന്നായതോടെ ഗത്യന്തരമില്ലാതെയാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മുതിര്‍ന്നത്. ഇതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ്് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കത്ത് ചോര്‍ന്ന് ചര്‍ച്ചയായതോടെ സംഭവം വിവാദമാകുകയായിരുന്നു. മദ്യശാലയിലെത്തുന്നവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വെള്ളത്തൂവല്‍, കൊന്നത്തടി മേഖലകളില്‍ നിന്നുള്ള ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവുമാണ് പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുമെന്ന് നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഷോപ്പ് പൂട്ടിയതോടെ ആളുകള്‍ ടൗണിലേക്ക് വരുന്നതു കുറഞ്ഞത് ഇവരെ പ്രതികൂലമായി ബാധിച്ചിരുന്നു. മാത്രമല്ല ടൗണിലെ മറ്റു വ്യാപാരത്തേയും ഇതു ബാധിച്ചിരുന്നു.

Latest