Connect with us

Gulf

ഇസിലും അല്‍ ഖാഇദയും ഇസ്‌ലാമിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്ന് ബെല്‍ജിയം പൗരനായ പുതു മുസ്‌ലിം

Published

|

Last Updated

ജിദ്ദ : ഇസില്‍, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്ന് ഇസ്‌ലാം ആശ്ലേഷിച്ച ബെല്‍ജിയം പൗരന്‍ മാരിയോ കൂള്‍സ്. ആദ്യമായി ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയതായിരുന്നു അദ്ദേഹം. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ അതിഥിയായാണ് അദ്ദേഹം ഹജ്ജിനെത്തിയത്. ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശമായ സമാധാനവും സഹനവും പ്രചരിപ്പിക്കുകയാണ് തന്റെ സംഘടനയുടെ ലക്ഷ്യമെന്നും വോമെല്‍ഗം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ന്യു മുസ്‌ലിംസ് എന്ന സംഘടനയുടെ പ്രസിഡന്റ്കൂടിയായ കൂള്‍സ് പറഞ്ഞു. കഅബാ കണ്ടപ്പോള്‍ തന്റെ മനസ്സിലേക്ക് അവാച്യമായ അനുഭൂതി ഇരച്ചു വന്നു. പുതിയ ആത്മീയ ആവേശത്തോടെയാണ് മക്ക വിടുന്നത്. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചാല്‍ അത് കൊലപാതകത്തെയും അക്രമത്തെയും പിന്തുണക്കുന്നില്ലെന്ന് മനസ്സിലാകും. എല്ലാവരെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമാധാന സന്ദേശമാണ് അത് പകരുന്നത്. തീവ്രവാദ സംഘടനകള്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തികള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ബെല്‍ജിയത്തിലുള്ള മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുന്നതിനായി തന്റെ സംഘടന വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കൂള്‍സ് പറഞ്ഞു. ഭാര്യക്കൊപ്പം ഈജിപ്തിലേക്ക് നടത്തിയ യാത്രയാണ് തന്റെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിച്ചത്. അവിടെ കണ്ടുമുട്ടിയ ഒരു മുസ്‌ലിം കുടുംബത്തിന്റെ ജീവിതവും പെരുമാറ്റവുമാണ് തന്നെ ആകര്‍ഷിച്ചതും ഇസ്‌ലാമിനെയും മുസ്‌ലിമിനെയുംകുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചതും. ഈ യാത്രയില്‍ തന്റെ ഭാര്യ പാസ്‌കലും മകള്‍ വോറോനിക്കയും ഇസ്‌ലാം സ്വീകരിച്ചുവെന്നും കൂള്‍സ് പറഞ്ഞു. തന്റെ മകന്‍ ഡെന്നീസ് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും ഇസ്‌ലാം മതം സ്വീകിരച്ചതായും ഇപ്പോള്‍ തന്റെ സംഘടനയില്‍ 1,300 അംഗങ്ങളുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെല്‍ജിയത്തില്‍ 6,50,000 മുസ്‌ലിങ്ങള്‍ ജീവിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മൊറോക്കോയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വന്നവരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 1.1 കോടിയാണ്. 300ലധികം മുസ്‌ലിം ആരാധനാലയങ്ങളുമുണ്ടിവിടെ.

Latest