Connect with us

Gulf

ശൈഖ് സായിദ് പൈതൃകോത്സവം

Published

|

Last Updated

അബുദാബി: ശൈഖ് സായിദ് പൈതൃകോത്സവം നവംബര്‍ 20ന് അബുദാബിയില്‍ ആരംഭിക്കും. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണ പുതുക്കി അയ്യായിരത്തിലധികം സ്വദേശികള്‍ അണിനിരക്കുന്ന മാര്‍ച്ചും ഇത്തവണത്തെ പ്രത്യേകതയാണ്. യു എ ഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന്റെ പൈതൃക സാംസ്‌കാരികത്തനിമ പകരുന്നതാവും ഉത്സവമെന്നു സംഘാടകര്‍ അറിയിച്ചു.
ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തിലാണ് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന സ്വദേശികളെയും വിദേശികളെയും വിദേശ ടൂറിസ്റ്റുകളെയും പൈതൃകോത്സവം ആകര്‍ഷിക്കും.
ഇമറാത്തി പാരമ്പര്യം ഫെസ്റ്റിവല്‍ നഗരിയിലും പ്രതിഫലിക്കുംവിധമാണ് സജ്ജീകരണമെന്ന് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി അറിയിച്ചു. വൈവിധ്യമാര്‍ന്ന കരകൗശല ഉല്‍പന്നങ്ങളുമായി നൂറ്റിയന്‍പതോളം ഔട്ട്‌ലെറ്റുകള്‍ ഫെസ്റ്റിവല്‍ നഗരിയില്‍ സജ്ജമായിരിക്കും.
കഴിഞ്ഞ വര്‍ഷം അല്‍ വത്ബയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഫെസ്റ്റിവല്‍. രാജ്യത്തിന്റെ ചരിത്രസ്മരണ പകരുന്ന ഒട്ടേറെ ദേശീയ പരിപാടികളും ഉത്സവത്തിന്റെ ഭാഗമായിരുന്നു.
മരുഭൂമിയും മരുപ്പച്ചയും സമുദ്രതീരവും മലയോരവും നിറഞ്ഞ അറബ് സംസ്‌ക്കാരത്തിന്റെ 500 വര്‍ഷത്തെ മഹിത പാരമ്പര്യം വിളിച്ചറിയിക്കുന്നതോടൊപ്പം പൂര്‍വികരുടെ ജീവിതരീതികളും ഫെസ്റ്റിവല്‍ നഗരിയിലെത്തുവരുടെ മനസിലിടം നേടുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.