Connect with us

National

മായ കോദ്‌നാനിയുടെ ജാമ്യത്തിനെതിരെ ഹരജി നല്‍കുന്നത് ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞു

Published

|

Last Updated

അഹമ്മദാബാദ്: 2002ലെ നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി മായ കോദ്‌നാനിക്ക് ജാമ്യം ലഭിച്ചതിനെ എതിര്‍ത്ത് ഹരജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി)ത്തിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ജൂലൈയിലാണ് കോദ്‌നാനിക്ക് ജാമ്യം അനുവദിച്ചത്.
20 ദിവസം മുമ്പാണ് തീരുമാനമെടുത്തതും അത് എസ് ഐ ടിയെ അറിയിച്ചതും. കേസിന്റെ മെറിറ്റും സത്യങ്ങളും പശ്ചാത്തലവും കണക്കിലെടുത്താണ് ജാമ്യത്തിനെതിരെ അപ്പീല്‍ പോകാന്‍ എസ് ഐ ടിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സാധാരണ വിധിയായിരുന്നു ഹൈക്കോടതിയുടെത്. തങ്ങളുടെ തീരുമാനത്തെ പിന്തുണക്കുന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള ഒരു വിധിന്യായവുമുണ്ട്. സംസ്ഥാന, നിയമ നീതി സെക്രട്ടറി വി പി പട്ടേല്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ പോകാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രശാന്ത് ദേശായിയുടെ നിയമോപദേശം എസ് ഐ ടി തേടിയിരുന്നു. ജാമ്യത്തിനെതിരായ വിധി നേടിയെടുക്കുക പ്രയാസകരമാണെന്നും കാരണം കോദ്‌നാനിയുടെ ആരോഗ്യം അത്രയേറെ മോശമാണെന്നുമുള്ള അഭിപ്രായമാണ് തനിക്കുണ്ടായിരുന്നത്. തുടര്‍ന്ന് എസ് ഐ ടി സര്‍ക്കാറിന്റെ അനുമതി തേടുകയായിരുന്നു. ദേശായ് പറഞ്ഞു.
2002ലെ ഗുജറാത്ത് വംശഹത്യ വേളയിലാണ് നരോദ പാട്യ കൂട്ടക്കൊല ഉണ്ടായത്. 2002 ഫെബ്രുവരി 28നുണ്ടായ സംഭവത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. 2012ല്‍ മായാ കോദ്‌നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷയാണ് എസ് ഐ ടി കോടതി വിധിച്ചത്.

Latest