Connect with us

National

ഐ ആര്‍ എന്‍ എസ് എസ് 1സി വിക്ഷേപണം 10ന്‌

Published

|

Last Updated

ചെന്നൈ: അമേരിക്കയുടെ ജി പി എസി (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)ന് ബദലായി ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യവുമായി ഐ ആര്‍ എന്‍ എസ് എസ് 1സി ഉപഗ്രഹം ഈ മാസം പത്തിന് വിക്ഷേപിക്കും. ഏഴ് ഉപഗ്രഹങ്ങളാണ് മൊത്തം അയക്കുക. ഇവയില്‍ മൂന്നാമത്തേതാണ് ഐ ആര്‍ എന്‍ എസ് എസ് 1സി. പത്താം തീയതി പുലര്‍ച്ചെ 1.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
പി എസ് എല്‍ വി-സി26 വാഹനമാണ് ഉപഗ്രഹത്തെ വഹിക്കുക. പി എസ് എല്‍ വി-സി26ന്റെ ഇരുപത്തിയെട്ടാമത്തെ പറക്കലാണ് ഇത്. ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷനല്‍ സാറ്റലൈറ്റ് (ഐ ആര്‍ എന്‍ എസ്) പദ്ധതിയിലെ ഒന്ന് എയും ഒന്ന് ബിയും ശ്രീഹരിക്കോട്ടയില്‍ നിന്ന് യഥാക്രമം 2013 ജൂലൈ ഒന്നിനും ഈ വര്‍ഷം ഏപ്രില്‍ നാലിനും വിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക നാവിഗേഷനല്‍ സംവിധാനം ഒരുക്കാന്‍ നാല് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐ ആര്‍ എന്‍ എസ് എസ് വഴി, ഉപയോക്താക്കള്‍ക്ക് യഥാര്‍ഥ സ്ഥാന വിവരം ലഭിക്കും. പ്രാഥമികമായി 1500 കിലോമീറ്റര്‍ വരെയുള്ള വിവരങ്ങളാണ് ലഭിക്കുക. ഇത് ക്രമാനുഗതമായി വികസിപ്പിക്കും. കരയിലും സമുദ്രത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനത്തിലൂടെ ദുരന്ത നിവാരണ സേവനങ്ങളും ലഭ്യമാക്കും. വാഹനങ്ങള്‍ക്കും ചരക്ക് നീക്കത്തിനും വളരെയേറെ ഉപകാരപ്പെടും. അമേരിക്കയുടെ ജി പി എസിന് പുറമെ, റഷ്യയുടെ ഗ്ലോനസ്, യൂറോപ്പിന്റെ ഗലീലിയോ, ചൈനയുടെ ബോയിദു, ജപ്പാന്റെ ക്വാസി സെനിത് എന്നിവയും പ്രാദേശിക നാവിഗേഷന്‍ സംവിധാനങ്ങളാണ്.