Connect with us

Ongoing News

ഗുരുതര പോഷകാഹാര കുറവെന്ന് പഠന റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് ആദിവാസി, തീരദേശ മേഖലകളിലെ കുട്ടികളില്‍ ഗുരുതരമായ പോഷകാഹാരക്കുറവ് പ്രകടമാണെന്ന്് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് പോഷകാഹാരക്കുറവ് കണ്ടെത്തിയത്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ സ്ഥിതി ആശങ്കാവഹമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പാലക്കാട് ഗുരുതര പോഷകാഹാര കുറവുണ്ടെന്ന് 2008 ല്‍ കണ്ടെത്തിയ കുട്ടികളുടെ എണ്ണം 229 ആയിരുന്നു. എന്നാല്‍ ഇത് 2013ല്‍ 2209 ആയി വര്‍ധിച്ചു. മലപ്പുറത്ത് ഗുരുതര പോഷകാഹാര കുറവുണ്ടെന്ന് കണ്ടെത്തിയ കുട്ടികളുടെ എണ്ണം ഇതേ കാലയളവില്‍ 404 ല്‍ നിന്ന് 2605 ആയും ഇടുക്കി ജില്ലയില്‍ 57 കുട്ടികളില്‍ നിന്ന് 405 കുട്ടികളായും വര്‍ധിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ശരാശരി 25 ശതമാനം ആയിരിക്കുമ്പോള്‍ ദലിതരില്‍ 37 ശതമാനവും ആദിവാസികളില്‍ 45 ശതമാനവും മത്സ്യ ബന്ധന സമുദായങ്ങളില്‍ 36 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ്. ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഒരു ശതമാനത്തില്‍ താഴെയായിരിക്കുമ്പോള്‍ ദലിത്- ആദിവാസി-മത്സ്യബന്ധന സമൂഹത്തില്‍ 1-2 ശതമാനമാണ്.
ഐ സി ഡി എസ് (സംയോജിത ശിശു വികസന സേവന പദ്ധതി) സേവനം ലഭ്യമാകുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 27 ശതമാനം കുറവുണ്ടായതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആറുവയസ് വരെയുള്ള കുട്ടികളില്‍ 28 ശതമാനത്തിന് മാത്രമാണ് ഐ സി ഡി എസ് സേവനം ലഭ്യമാകുന്നത്. 70 ശതമാനം കുട്ടികള്‍ക്കും പോഷകാഹാര വിതരണ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരിത പോഷകാഹാരം ലഭ്യമായവരുടെ എണ്ണത്തില്‍ 2008 നും 2013 നും ഇടയില്‍ 27 ശതമാനം കുറവാണ് ഉണ്ടായത്. കുട്ടികള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന പോഷകാഹാരത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനോ നിര്‍ദിഷ്ട അളവിലും തൂക്കത്തിലുമുള്ള പോഷകമൂല്യങ്ങള്‍ വിതരണം ചെയ്യപ്പെടുന്ന മിശ്രിതത്തില്‍ അടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനോ കുട്ടികള്‍ക്കിത് കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും സംവിധാനങ്ങളില്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നേരിട്ട് ചെന്ന് നടത്തിയ പഠനറി പ്പോര്‍ട്ട് ഈയാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് റൈറ്റ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അജയകുമാര്‍ പറഞ്ഞു.

Latest