മര്‍കസ് പ്രചരിപ്പിക്കുന്നത് മാനവികതയുടെ സന്ദേശം: ഖലീല്‍ ബുഖാരി

Posted on: September 29, 2014 10:23 am | Last updated: September 29, 2014 at 10:23 am
SHARE

markazകൊണ്ടോട്ടി: ഇന്ത്യയിലെ അശരണര്‍ക്ക് താങ്ങും തണലുമായി നിലകോള്ളുന്ന കാരന്തൂര്‍ സുന്നി മര്‍കസ് മാനവിക സാഹോദര്യത്തിന് എന്നും ഉത്തമ മാതൃകയാണെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പറഞ്ഞു. ഡിസം. 18, 19, 20, 21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37ാ-ാം വാര്‍ഷിക 17ാ-ാം സനദ് ദാന സമ്മേളനത്തിന്റെ ജില്ലാ തല പ്രചാരണോദ് ഘാടനം കൊണ്ടോട്ടിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടേയും ഇസ് ലാം ഭീരകരവാദത്തിലൂടെയോ ആയുധമേന്തിയോ പ്രചരിപ്പിച്ചിട്ടില്ല. ഇസ് ലാമിന്റെ ആരംഭ കാലം തൊട്ടെ ജൂദന്മാര്‍ ഇസ്‌ലാമിന്റേയും പ്രവാചകന്റേയും കൊടിയ ശത്രുവായിരുന്നു. എന്നിട്ടും ജൂതന്റെ മൃതദേഹത്തോട് ആദരവ് കാണിച്ചു. പ്രവാചകന്‍ തന്റെ അങ്കി പോലും ജൂതന്റെ കൈയിലാണ് പണയം വെച്ചത്. സ്‌പെയിനില്‍ 800 വര്‍ഷക്കാലം മുസ്‌ലിം ഭരണം നടന്നിട്ടും ഒരു ജൂതന്‍ പോലും കൊല്ലപ്പെടുകയുണ്ടായില്ല. എന്നാല്‍ ഏതാനും ദശകം മാത്രം ജര്‍മനി ഭരിച്ച ഹിറ്റ്‌ലര്‍ ആയിരക്കണക്കിന് ജൂതന്മാരെയാണ് കൊന്നൊടുക്കിയത്.
ഇന്ത്യയിലെ അശരണര്‍ക്ക് എപ്പോഴും താങ്ങും തണലുമായി നില കൊള്ളുന്ന മര്‍കസ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരാലും പ്രശംസിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കാശ് മീരിലെ ജനങ്ങള്‍ക്ക് മര്‍കസും സുന്നീ സംഘടനകളും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ശത്രുക്കളെ ആശയം കൊണ്ട് നേരിടുന്നതിനൊപ്പം സുന്നത്ത് ജമാ അത്തിന്റെ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ കരുത്തുറ്റ പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ മര്‍കസ് സുന്നത്ത് ജമാ അത്തിന്റെ അഭിമാനമാണെന്നും ഖലീല്‍ ബുഖാരി പറഞ്ഞു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കൗസര്‍ സഖാഫി സംസാരിച്ചു. കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അബ്ദുര്‍ റശീദ് സഖാഫി പത്തപിരിയം സ്വാഗതവും ഹസന്‍ സഖാഫി തറയിട്ടാല്‍ നന്ദിയും പറഞ്ഞു.