Connect with us

Kozhikode

കാശ്മീര്‍ പ്രളയം: എസ് വൈ എസ് സാന്ത്വന സംഘം ശനിയാഴ്ച പുറപ്പെടും

Published

|

Last Updated

കോഴിക്കോട്: പ്രളയം ദുരിതം വിതച്ച കാശ്മീര്‍ ജനതക്ക് സഹായമെത്തിക്കുന്നതിന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ഭാരവാഹികള്‍ ശനിയാഴ്ച കാശ്മീരിലേക്ക് പുറപ്പെടും. ഗ്രാമങ്ങളും വീടുകളും നശിച്ചതോടെ അഭയാര്‍ഥി ക്യാമ്പുകളില്‍ അഭയം തേടിയ പതിനായിരങ്ങള്‍ക്ക് സാന്ത്വനമരുളുന്നതിനായി പള്ളികള്‍ കേന്ദ്രീകരിച്ചും യൂനിറ്റുകളില്‍ നിന്നും എസ് വൈ എസ് സ്വരൂപിച്ച സാന്ത്വനം ഫണ്ടിന്റെ ഒന്നാംഘട്ട വിനിയോഗത്തിനായാണ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫിയുടെയും സെക്രട്ടറി മുസ്തഫ കോഡൂരിന്റെയും നേതൃത്വത്തിലുള്ള ദൗത്യസംഘം കാശ്മീരിലേക്കു തിരിക്കുന്നത്.
ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പോലും ലഭ്യമാകാതെ പ്രയാസപ്പെടുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ അയ്യായിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കുകയാണ് ഒന്നാം ഘട്ടത്തില്‍ എസ് വൈ എസ് ചെയ്യുന്നത്. കാശ്മീരില്‍ കൊടുംതണുപ്പ് ആസന്നമായിരിക്കെ, പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും നല്‍കുന്നുണ്ട്.
സര്‍ക്കാറുകളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളാണ് അഭയാര്‍ഥികള്‍ക്ക് ഇപ്പോള്‍ ആശ്വാസം പകരുന്നത്. കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന സുന്നി സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കൂടിയാണ് എസ് വൈ എസ് നേതാക്കള്‍ കാശ്മീരിലെത്തുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഡോക്ടര്‍മാരുള്‍പ്പെട്ട സംഘവും അടുത്ത ദിവസം കേരളത്തില്‍ നിന്ന് യാത്ര തിരിക്കും.
വീടുകളുടെ പുനര്‍നിര്‍മാണമുള്‍പ്പെടെ ബൃഹദ് പദ്ധതികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എസ് വൈ എസ് ഏറ്റെടുത്തു നിര്‍വഹിക്കും. എസ് വൈ എസ് ദേശീയ ഘടകമായ എം ഒ ഐയുടെ സഹകരണത്തോടെയും പങ്കാളിത്തത്തിലുമാണ് കാശ്മീരിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.