ലോക വിനോദ സഞ്ചാര ദിനത്തില്‍ ആറാട്ടുപാറയിലേക്ക് സാഹസിക യാത്ര

Posted on: September 25, 2014 12:57 am | Last updated: September 24, 2014 at 11:57 pm
SHARE

കല്‍പ്പറ്റ: ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍ 27ന് മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അമ്പലവയലിലെ ആറാട്ടുപാറയിലേക്ക് യാത്രനടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, പരിസ്ഥിതി ക്ലബ്, ടൂറിസം ക്ലബ്, ഭൂമിത്ര സേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് യാത്ര. അമ്പലവയിലെ കുമ്പളേരിക്ക് സമീപത്തെ ആറാട്ടുപാറ ഏറെ പാരിസ്ഥിതിക പ്രധാന്യമുള്ളതാണ്. എന്നാല്‍ ഈ മേഖല ഇപ്പോള്‍ തകര്‍ച്ച നേരിടുകയാണ്. നിരവധി ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാറയെ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി കുട്ടികള്‍ യാത്ര സംഘടിപ്പിക്കുന്നത്. ഡി.ടി.പി.സി, കുമ്പളേരി റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു.ജോര്‍ജ് യാത്ര ഫഌഗ് ഓഫ് ചെയ്യും. വാര്‍ഡ് അംഗം ലയ ഐസക് അധ്യക്ഷയാകും. പട്ടംപറത്തല്‍, ക്വിസ്, സെമിനാര്‍ എന്നിവയും പരിപാടിയോടനുബന്ധിച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ.ജോര്‍ജ്, എം.കെ.രവീന്ദ്രന്‍, പി.കെ.ജേക്കബ്, ജെയ്‌സണ്‍ അമ്പാട്ട്, ബിജു, വിദ്യാര്‍ഥികളായ വി.എസ്.ഡെന്‍ജിത്ത്, സി.ജി.അരുണ്യ, സചിന്‍ കൃഷ്ണ, അഖിന ്രപസാദ്, എഡ്‌വിന്‍ പി.പോള്‍ എന്നിവര്‍ പങ്കെടുത്തു.