Connect with us

Wayanad

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒടുവില്‍ സര്‍ക്കാരിന്റെ കനിവ്‌

Published

|

Last Updated

കല്‍പ്പറ്റ: നീതിക്കുവേണ്ടി ഒരു പതിറ്റാണ്ടിലേറെ കാലമായി നടന്ന ധര്‍മ്മ സമരത്തിന് ഒടുവില്‍ സര്‍ക്കാരിന്റെ കനിവില്‍ അംഗീകാരം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതവും വീടും നല്‍കാനാണ് തീരുമാനിച്ചത്. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന നില്‍പ്പ് സമരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച അനുകൂല തീരുമാനമുണ്ടായത്.
ആദിവാസി നേതാക്കളായ സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിനൊടുവില്‍ ഫെബ്രുവരി 19ന് ഉണ്ടായ സംഘര്‍ഷത്തില്‍ ആദിവാസികളില്‍നിന്ന് ഒരാളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. സംഭവം സംബന്ധിച്ച് പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഭൂരഹിതരുടെ കാര്യത്തില്‍ പരിഗണന ലഭിച്ചിരുന്നില്ല. മന്ത്രി പി.കെ. ജയലക്ഷ്മി പ്രത്യേക താല്‍പ്പര്യമെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. വിഷയം പലതവണ മന്ത്രിതല യോഗങ്ങളിലും ഉദ്യോഗസ്ഥതല യോഗങ്ങളിലും ചര്‍ച്ച ചെയ്യുകയും മന്ത്രിസഭ ഇക്കാര്യത്തില്‍ പല തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിന് വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് രണ്ട് മാസം കാലാവധിയും നല്‍കി. സെപ്തംബര്‍ അഞ്ചിനായിരുന്നു ഈ തീരുമാനം. എന്നാല്‍ 19 ദിവസംകൊണ്ട് വിവരം ശേഖരിച്ച് കളക്ടര്‍ പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിച്ചാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
617 പേരാണ് 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തത്. ഇവരില്‍ 447 പേരാണ് ഭൂരഹിതരായി കണ്ടെത്തിയത്. ഇവര്‍ക്ക് സുപ്രീം കോടതി വിധിപ്രകാരം ലഭിച്ച 1189 ഏക്കര്‍ ഭൂമിയില്‍നിന്ന് ഒരേക്കര്‍ ഭൂമി വീതം നല്‍കാവുന്നതാണെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമിയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വീതം ഭവന നിര്‍മ്മാണത്തിന് ധനസഹായവും അനുവദിക്കും. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ കൂട്ടത്തില്‍ 51 കുട്ടികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ ശേഖരിക്കുകയും ഇവര്‍ക്ക് എല്ലാവര്‍ക്കും ഓരോ ലക്ഷം രൂപ വീതം അവരുടെയും രക്ഷകര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കാമെന്ന വ്യവസ്ഥയില്‍ സ്ഥിരനിക്ഷേപമായി നല്‍കും. ഏത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട്, ആരുമായി ചേര്‍ന്നാണ് തുടങ്ങിയ കാര്യങ്ങള്‍ അവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ സമരം നടത്തിയവര്‍ക്കെതിരെയുള്ള വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഒരുകേസില്‍ പ്രതികളായ 117 ആദിവാസികളെ ബത്തേരി കോടതി വെറുതെ വിടുകയും ചെയ്തു. 146 പേര്‍ പ്രതികളായ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളൊഴികെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ ജയില്‍വാസം മുമ്പ് വിവാദമായിരുന്നു. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ നിരവധി തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 11 വര്‍ഷത്തിനുശേഷമാണ് ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് പൂര്‍ണ്ണമായും അനുകൂലമായി ഒരു ഗവണ്‍മെന്റ് തീരുമാനമുണ്ടാകുന്നത്. വയനാടുകാരിയും പട്ടികവര്‍ഗ്ഗക്കാരിയുമായ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നിരന്തര ശ്രമഫലമായാണ് ഇ്ക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായത്.

Latest