Connect with us

National

മംഗള്‍യാന്‍: ഓരോ ഇന്ത്യക്കാരനും ചിലവായത് നാലുരൂപ മാത്രം

Published

|

Last Updated

mangalyanബംഗളൂരു: “ഒരു ഹോളിവുഡ് സിനിമക്ക് ഇതിനേക്കാള്‍ ചെലവ് വരും”. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസ്താവനയെ ശരിവെക്കുന്ന താണ് മംഗള്‍യാന്‍ ദൗത്യത്തിന്റെ ചെലവ്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ പ്രവേശിച്ച ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ഐ എസ് ആര്‍ ഒയില്‍ എത്തിയതായിരുന്നു മോദി. പ്രഥമ ചൊവ്വാ ദൗത്യം തന്നെ വിജയകരമായി എന്നതിനൊപ്പം ഇതിന്റെ കുറഞ്ഞ ചെലവും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

സ്വര്‍ണ നിറത്തിലുള്ള ഉപഗ്രഹമടക്കം മംഗള്‍യാന്റെ മൊത്തം ചെലവ് 450 കോടി രൂപ (ഏകദേശം 6.7 കോടി ഡോളര്‍)യാണ്. രാജ്യത്തെ ഓരോ വ്യക്തിക്കും നാല് രൂപ വീതം ചെലവ്. ഗ്രഹാനന്തര ദൗത്യങ്ങള്‍ക്ക് ലോകത്ത് തന്നെ ഏറ്റവും ചെലവ് കുറഞ്ഞതും മംഗള്‍യാനാണ്. ചൊവ്വയുടെ ഉപരിതലത്തിലുള്ള നാസയുടെ കൂര്യോസിറ്റിക്ക് ചെലവായത് 200 കോടി ഡോളറാണ്. അമേരിക്കയുടെ മാവെന് 3200 കോടി രൂപയിലധികം ചെലവായിട്ടുണ്ട്. ചൊവ്വാ ദൗത്യത്തില്‍ വിജയിച്ച രാജ്യങ്ങള്‍ക്ക് മാത്രമല്ല പരാജയപ്പെട്ട ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കും പദ്ധതികള്‍ക്കായി വന്‍തുക ചെലവായിട്ടുണ്ട്. റഷ്യയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി നടത്താനിരിക്കുന്ന ചൊവ്വ പര്യവേക്ഷണ പദ്ധതിക്കും 7000 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ജൂണില്‍ ഐ എസ് ആര്‍ ഒ സന്ദര്‍ശിച്ചപ്പോള്‍, മംഗള്‍യാനേക്കാള്‍ ചെലവാണ് ഹോളിവുഡ് സിനിമ “ഗ്രാവിറ്റി”ക്കായതെന്ന് മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഉയര്‍ന്ന സാങ്കേതികവിദ്യയും മിതവ്യയവുമാണ് ചെലവ് കുറച്ചത്. വേഗതയേറിയതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് മംഗള്‍യാന്‍ ഇടയാക്കുമെന്നതില്‍ സംശയമില്ല.