Connect with us

Malappuram

അബദ്ധങ്ങളുടെ പെരുമഴയുമായി കാലിക്കറ്റ് വിദൂര വിഭാഗം പരീക്ഷകള്‍

Published

|

Last Updated

വേങ്ങര: അബദ്ധങ്ങളുടെ പെരുമഴയില്‍ കുളിച്ച് കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍. വിദൂര വിദ്യാഭ്യാസ വിഭാഗം കൂടുതല്‍ സൗകര്യങ്ങളൊരുക്കി പരീക്ഷകള്‍ക്ക് വകുപ്പ് തന്നെ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടും ഗൗരവകരമായപിഴവുകള്‍ പതിവാകുന്നു.
കഴിഞ്ഞ മാസം നടന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി എ, ബി കോം പരീക്ഷകളിലാണ് വന്‍ പാകപ്പിഴവുകള്‍. ചോദ്യപേപ്പര്‍ വിതരണത്തിലാണ് വന്‍ അപാകതകള്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷാര്‍ഥികളുടെ എണ്ണം ചോദ്യപേപ്പറുകള്‍ പോലും പലപ്പോഴും ലഭിക്കാതെ പരീക്ഷാ കേന്ദ്ര മേധാവികള്‍ വട്ടം കറങ്ങിയിട്ടുണ്ട്. കൂടാതെ നേരത്തെ എത്തിച്ച ചോദ്യപേപ്പറില്‍ ഒരു ദിവസത്തെ ചോദ്യപേപ്പര്‍ തീര്‍ത്തും ഇല്ലാത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രം ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കുന്നതിനാല്‍ പരീക്ഷാ കേന്ദ്ര അധികൃതര്‍ക്കും മുന്‍കൂട്ടി അബദ്ധങ്ങള്‍ കണ്ട് പരിഹരിക്കാനാവുന്നില്ല. ഒന്നാം സെമസ്റ്റര്‍ ബി കോം പരീക്ഷക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ ലഭ്യമല്ലാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയിരുന്നു. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മരണപാച്ചില്‍ നടത്തി ചോദ്യപേപ്പര്‍ കേന്ദ്രത്തിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു.
രണ്ടാം സെമസ്റ്റര്‍ ബി എ പരീക്ഷയുടെ അവസാന പരീക്ഷയുടെ മൂന്ന് വിഷയങ്ങള്‍ക്ക് ഒരു കേന്ദ്രത്തില്‍ മതിയായ ചോദ്യപേപ്പറുകള്‍ ലഭിക്കാത്തത് കാരണം രഹസ്യമായി ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്താണ് പരീക്ഷാര്‍ഥികള്‍ക്ക് നല്‍കിയത്.
പരീക്ഷാ കേന്ദ്രങ്ങള്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടുമ്പോള്‍ ചോദ്യപേപ്പറുകള്‍ ആവശ്യാനുസരണം കെട്ടാക്കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നറിയിച്ച് കൈയൊഴികയാണ് പതിവ്. വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാക്കി സമയം പുനക്രമീകരിച്ച നടപടിയും വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

Latest