Connect with us

Kozhikode

പ്രത്യാശ വിവാഹധനസഹായ പദ്ധതി: ആയിരം പേര്‍ക്കായി അഞ്ച് കോടി രൂപ വിതരണം ചെയ്തു

Published

|

Last Updated

കോഴിക്കോട്: കേരള സാമൂഹിക നീതി വകുപ്പിന്റെ വി കെയര്‍ പദ്ധതിയുടെ ഭാഗമായി കേരള സാമൂഹിക സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും സംയുക്തമായി നടപ്പാക്കുന്ന പ്രത്യാശ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ വിതരണം ചെയ്തു.
ആയിരം പേര്‍ക്ക് അന്‍പതിനായിരം രൂപ വീതമാണ് നല്‍കിയത്. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. എം കെ മുനീര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു ചടങ്ങില്‍ അഞ്ച് കോടി രൂപ ഒന്നിച്ച് വിതരണം ചെയ്യുന്നത് അപൂര്‍വമാണ്. രണ്ടായിരം പേര്‍ക്കാണ് പ്രത്യാശ പദ്ധതി പ്രകാരം ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുവരെ 1,640 പേര്‍ക്ക് തുക വിതരണം ചെയ്തുകഴിഞ്ഞു.
ഒരു പറ്റം ആളുകള്‍ക്ക് വിവാഹം ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെതുമാണെങ്കില്‍ മറ്റൊരു വിഭാഗം കുടുംബങ്ങള്‍ക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടുള്ള മനഃസംഘര്‍ഷത്തിന്റെതാണെന്ന് മന്ത്രി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ആവിഷ്‌കരിക്കാനുള്ള വിശാലമായ വേദിയാണ് വി കെയര്‍ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു.
സി മോയിന്‍കുട്ടി എം എല്‍ എ, പുരുഷന്‍ കടലുണ്ടി എം എല്‍ എ, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി വി അവറാന്‍, കെ ടി ബീരാന്‍ കോയ, കെ സത്യനാഥന്‍, കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, കേരള വികലാംഗക്ഷേമ കോര്‍പറേഷന്‍ എം ഡി. ഡോ. റോഷന്‍ ബിജിലി, എം ഇ എസ് ജില്ലാ സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അശ്‌റഫ് സ്വാഗതവും മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ നിഷാദ് നന്ദിയും പറഞ്ഞു.