Connect with us

Articles

ജയിലുകളെ വിചാരണ ചെയ്യുമ്പോള്‍

Published

|

Last Updated

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കോടതികളുടെ കാലമാണ്. എന്തിനും ഏതിനും കോടതി ഇടപെടണം എന്ന് വന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നീതി ന്യായ സംവിധാനങ്ങളുടെ അവസാന വാക്കാണ് സുപ്രീം കോടതി. ഭരണഘടനാ തത്വങ്ങളുടെയും പൗരന്റെ മൗലികാവകാശങ്ങളുടെയും കാവല്‍ കേന്ദ്രം. ഹതാശയര്‍ക്കും നീതിനിഷേധിക്കപ്പെട്ടവനും അതിനപ്പുറത്തേക്ക് കയറിച്ചെല്ലാന്‍ മറ്റൊരിടമില്ല. സ്ഥാപിക്കപ്പെട്ടതു മുതല്‍ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ വിധികളിലൂടെ സാധ്യമായിട്ടുണ്ട്. അത്തരത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നൊരു വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ വിചാരണ തടവുകാരെയും വിട്ടയക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് വിചാരണത്തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് വിധി. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, കുര്യന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. എല്ലാ ജയിലുകളും ഉത്തരവ് പാലിക്കണം. തടവുകാരെ വിട്ടയക്കുന്ന പ്രക്രിയക്ക് താഴെത്തട്ടിലുള്ള ജഡ്ജിമാരും മജിസ്‌ട്രേട്ടുമാരും മേല്‍നോട്ടം വഹിക്കണം. ജില്ലാ ജഡ്ജിമാരും ജയിലുകള്‍ സന്ദര്‍ശിച്ച് വിട്ടയക്കേണ്ടവരെ കണ്ടെത്തണം. പ്രക്രിയ വേഗം പൂര്‍ത്തിയാക്കണം. മോചനത്തിന് അര്‍ഹരായ വിചാരണ തടവുകാരെ കണ്ടെത്തിയ ശേഷം ജയിലുകളില്‍ വെച്ചുതന്നെ വിട്ടയക്കല്‍ ഉത്തരവ് പുറപ്പെടുവിക്കണം- പരമോന്നതി കോടതി നീതിയുടെ വെളിച്ചത്തിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണ് തുറന്നു.
സ്വന്തം ജാമ്യത്തിലാകും വിട്ടയക്കല്‍. വധശിക്ഷ ലഭിക്കാവുന്ന കേസില്‍ പെട്ടവര്‍ക്ക് ഉത്തരവിന്റെ പ്രയോജനം ലഭിക്കില്ലെന്നത് നിരാശയാണ് നല്‍കുന്നതെങ്കിലും ആശ്വാസത്തിന് വകയുണ്ട്; വൈകിയാണെങ്കിലും തെറ്റ് തിരുത്താനുള്ള നീക്കം തുടങ്ങിയല്ലോ. ഒക്ടോബര്‍ ഒന്നിന് തുടങ്ങി രണ്ട് മാസത്തെ പ്രക്രിയക്കാണ് സുപ്രീം കോടതി വിഭാവനം ചെയ്യുന്നത്. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്ന വിദേശികളെ വിട്ടയക്കണമെന്ന ഒരു ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ഈ നടപടിയിലേക്ക് കടന്നത്. നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത് 3,85,135 തടവുകാരാണ്. ഇവരില്‍ വിചാരണാ തടവുകാരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെ വരും; 2,54,857. അതായത് രാജ്യത്തെ ജയിലറക്കുള്ളില്‍ കഴിയുന്നവരില്‍ 66.2 ശതമാനവും വിചാരണ കാത്തുകഴിയുന്നവര്‍. എന്നാല്‍ പുറം ലോകം അറിയാതെ പോകുന്ന മറ്റൊരു ദുഃഖ സത്യമുണ്ട്. നമ്മുടെ തടവറകളുടെ ശേഷിയെ സംബന്ധിച്ചുള്ളതാണത്. 3,20,000 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തടവറകളിലാണ് 3,85,000 പേരെ കുത്തിനിറച്ചിരിക്കുന്നത്. ഏറ്റവും ഭീകരമായ മനുഷ്യാവകാശലംഘനം നടക്കുന്ന ജയിലുകളുടെ കൂട്ടത്തില്‍ നമ്മുടെ ജയിലുകളില്ലെന്ന് നാം പറഞ്ഞാല്‍ ഈ കണക്കുകള്‍ നമ്മോട് കലഹിക്കും. ഗ്വാണ്ടനാമോ, ഓഷ്‌വിറ്റ്‌സ് പോലുള്ള തടവറകളോടല്ലെങ്കില്‍ പോലും അത്ര തരക്കേടില്ലാത്ത തടവറകള്‍ നാമറിയാതെ നമ്മുടെ നാട്ടിലുമുണ്ട്. ഇതിലേറ്റവും മോശമായ സ്ഥിതി വിചാരണ തടവുകാരുടെതാണ്; കുറ്റക്കാരോ നിരപരാധികളോ എന്ന വിധിക്ക് കാത്തിരിക്കുന്നവര്‍. മിക്കവരും ശിക്ഷാ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം പിന്നിട്ടിട്ടും ജയിലില്‍ കഴിയുന്നവര്‍. ജാമ്യമെടുക്കാന്‍ പോലും ശേഷിയില്ലാത്ത ദരിദ്രരാണവര്‍. ആയിരം രൂപ പോലും ജാമ്യത്തുക നല്‍കാന്‍ കഴിവില്ലാത്ത നിരാലംബര്‍. ജാമ്യത്തിന് സ്വന്തമായി ഒരു അഭിഭാഷകനെ പോലും വെക്കാന്‍ കഴിവില്ലാത്തവര്‍. പലരും നിത്യ രോഗികള്‍. മാനസിക നില തെറ്റി ജയിലറക്കുള്ളിലെ ഇരുട്ടിനോട് മൗനം കൊണ്ട് സംവദിക്കുന്നവര്‍. ജയില്‍ ഭിത്തികളോട് നെഞ്ച് ചേര്‍ത്ത് വെച്ച് സങ്കടം പറഞ്ഞ് ദിവസം തള്ളിനീക്കുന്നവര്‍. മരണം അനുഗ്രഹമായി ഒരു ദിവസം നേരത്തെ വന്നിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്നവര്‍. ഇവര്‍ ശിക്ഷ കഴിഞ്ഞു വരുമ്പോഴേക്കും അവരെ കാത്ത് വീട്ടില്‍ ആരുമുണ്ടാകില്ല. മനോനില തെറ്റി രോഗിയായി ഒന്നിനും കൊള്ളാതെ വരുന്നവനെ ഇനി ആര്‍ക്ക് വേണം? നമ്മുടെ അധികാരികളുടെ, നിയമപാലകരുടെ ഒരു നിമിഷത്തെ അശ്രദ്ധ, അല്ലെങ്കില്‍ കുറ്റകരമായ പകപോക്കല്‍, അതുമല്ലെങ്കില്‍ മറ്റാരെയെങ്കിലും രക്ഷിക്കാനുള്ള കുതന്ത്രം ഇങ്ങനെ അകത്തായവരാണ് വിചാരണാ തടവുകാരില്‍ കുറേ പേര്‍. തങ്ങള്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കുന്ന ചാര്‍ജ് ഷീറ്റ് പോലും നല്‍കപ്പെടാത്തവരാണ് രാജ്യത്തെ ജയിലറകള്‍ക്കുള്ളില്‍ കഴിയുന്നത്. യു എ പി എ പോലുള്ള ഭീകരവിരുദ്ധ നിയമത്തിന്റെ ദുരുപയോഗമാണ് തടവുകാരില്‍ ഗണ്യമായ ഒരു വിഭാത്തെ ജയിലിലെത്തിച്ചത്. ഇവരില്‍ തന്നെ വലിയൊരു ഭാഗം ശിക്ഷാ കാലാവധിയുടെ പകുതിയിലേറെ തടവനുഭവിച്ചവരാണ്.
മതേതര രാജ്യത്തെ ജയിലറക്കണക്കുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ അന്ധമായ പകപോക്കലുകള്‍ക്ക് കരിനിയമങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ വ്യാപ്തി ബോധ്യമാകും. ഈ ബോധ്യം പങ്ക് വെച്ചവരുടെ കൂട്ടത്തില്‍ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഷിന്‍ഡെയുമുണ്ട്. വിചാരണത്തടവുകാരില്‍ കൂടുതലും മുസ്‌ലിംകളും മറ്റ് പിന്നാക്ക വിഭാഗക്കാരുമാകുന്നത് എന്തു കൊണ്ടാകും? അനന്തമായ വിചാരണയിലൂടെ കാലം കഴിച്ച് പിന്നീട് നിരപരാധിയാക്കപ്പെടുന്നത് എങ്ങനെ ന്യായീകരിക്കാനാകും? പോലീസും അന്വേഷണ സംവിധാനങ്ങളും തങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ന്യൂനപക്ഷ സംഘടനകളുടെ ആക്ഷേപത്തിന് ബലം പകരുന്നതാണ് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യത്തെ വിചാരണാ തടവുകാരില്‍ 53,638 വരും മുസ്‌ലിംകളുടെ എണ്ണം. മൊത്തം വിചാരണാ തടവുകാരുടെ 21 ശതമാനം. ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ഹിന്ദു ഭൂരിപക്ഷ സമുദായത്തില്‍പെട്ടവര്‍ 80 ശതമാനം വരും. അതായത് ജനസംഖ്യാനുപാതികമായി നോക്കിയാല്‍ വിചാരണത്തടവുകാരിലെ മുസ്‌ലിംകളുടെ എണ്ണം ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുടെ ഇരട്ടിയോളമാണ്. വിചാരണത്തടവുകാരുടെ എണ്ണത്തിലെ ഈ സാമുദായികമായ അസന്തുലിതത്വം അധികാരികളെ ആലോസരപ്പെടുത്തുന്നില്ല. യു പി, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മുസ്‌ലിം വിചാരണത്തടവുകാര്‍ ഏറ്റവും കൂടുതലുള്ളത്. ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന മുസ്‌ലിംകള്‍ താമസിക്കുന്ന മഹാരാഷ്ട്രയില്‍ വിവിധ ജയിലുകളിലായി മൊത്തം ജയില്‍ ജനസംഖ്യയുടെ 32. 4 ശതമാനം മുസ്‌ലിം തടവുകാരുണ്ട്. മുംബൈ, താനെ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം 52 ശതമാനം വരുന്ന മുസ്‌ലിം യുവാക്കള്‍ തടവുകാരായുണ്ട്. ഏറ്റവും കൂടുതല്‍ മുസ്‌ലിം തടവുകാര്‍ ഉള്ളത് നാസിക് സെന്‍ട്രല്‍ ജയിലിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ഭീതിയോടെയാണ് കണുന്നത്. പലരും ജയിലറക്കുള്ളില്‍ വെച്ച് തന്നെ മരണപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ മുഹമ്മദ് കതീല്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് ജയിലറയിലാണ്.
വിചാരണ നേരിടുന്നവരില്‍ 30,000ത്തിലേറെ പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ടവരുമുണ്ട്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് ഇവരിലേറെയും തുറുങ്കിലടക്കപ്പെടുന്നത്. ഭരണകൂടത്തിന് മുഖം രക്ഷിക്കാന്‍ വേണ്ടി പ്രതിയാക്കുന്നവരാണ് ഇവരില്‍ അധികവും. മാവോയിസ്റ്റ് ഭീഷണി വരുമ്പോള്‍ വനമേഖലകളിലെ ആദിവാസികളെയും ഭീകരവാദ ഭീഷണി ഉയരുമ്പോള്‍ രാജ്യത്തെ മുസ്‌ലിംകളെയും തേടിയെത്തുകയാണ് ഭരണകൂടവും നിയമപാലകരും. ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ട എത്രയോ മുസ്‌ലിം, ദളിത് ചെറുപ്പക്കാര്‍ ഈ മതേതര ഭൂമിയിലുണ്ട്. മലയാളക്കരയിലെ മലപ്പുറത്ത് നിന്നുള്ള സക്കരിയ തന്നെ ഉദാഹരണം. മഅ്ദനിയും നമുക്ക് മുന്നിലുണ്ടല്ലോ. മഅ്ദനി അടക്കമുള്ള ഇത്തരം ജയില്‍വാസികള്‍ക്ക് കോടതി വിധി പെട്ടെന്ന് ഗുണകരമാകുമെന്ന് ചിന്തിക്കാന്‍ വയ്യ. കാരണം അവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിയമങ്ങളുടെ പഴുതുകളില്‍ താക്കോല്‍ കയറ്റി പരിചയസമ്പന്നരായ നിയമ പരി(വാര്‍)പാലകരാല്‍ സൃഷ്ടിക്കപ്പെട്ടതാണ്.
വിചാരണാ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പ്രധാന ഗൂണഭോക്താക്കള്‍ മുസ്‌ലിംകളാണെന്നതിനാല്‍ വിധി എത്ര മാത്രം പ്രായോഗികമാകുമെന്നത് കാണേണ്ടതാണ്. തങ്ങളുടെ സര്‍ക്കാര്‍ വിചാരണ തടവുകാരെ വിട്ടയക്കാന്‍ നടപടി നേരത്തെ തന്നെ തുടങ്ങിയെന്ന് മേനി പറയുന്ന മോദി സര്‍ക്കാര്‍, കോടതി ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്താനും മറ്റും കൂടുതല്‍ സമയം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതില്‍ നിന്ന് ചിലത് വായിച്ചെടുക്കാനാകും. കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അതിന്റെ മറവില്‍ മോചന നടപടികള്‍ നീട്ടാന്‍ സര്‍ക്കാറിന് സാധിക്കുമായിരുന്നു. എന്നാല്‍ പാവപ്പെട്ടവരും നിരപരാധികളുമായ നിരവധി പേര്‍ ജാമ്യം പോലും ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി നിലപാട് അല്‍പ്പം പ്രതീക്ഷ നല്‍കുന്നതാണ്.
വിചാരണ തടവുകാരെ വിട്ടയക്കുന്നതോടെ നീതി പുലര്‍ന്നു എന്ന് പറയാനാകില്ല. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ കാരണമായി ഒരു മനുഷ്യായുസ്സ് മുഴുവന്‍ വിചാരണത്തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് എന്ത് നഷ്ടപരിഹാരമാണ് നല്‍കാന്‍ കഴിയുക? നഷ്ടപ്പെട്ട കുടുംബ ജീവിതവും തടവറയില്‍ ഹോമിക്കപ്പെട്ട യുവത്വവും ആര്‍ക്ക് തിരിച്ചു നല്‍കാനാകും? പതിറ്റാണ്ടുകളോളം കുറ്റവാളിയെന്ന വിളിപ്പേരില്‍ ജയിലറക്കുള്ളിലിടുകയും ഒരു സുപ്രഭാതത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് പുറത്തേക്ക് വിടുകയും ചെയ്യുമ്പോള്‍ അവന്‍ അനുഭവിച്ച മാനഹാനി മായിച്ച് കളയാനും സമൂഹത്തിന്റെ മനസ്സ് കഴുകി അവനെ നല്ല മനസ്സോടെ സ്വീകരിപ്പിക്കാനും ഏത് കോടതിയെക്കൊണ്ടാണ് സാധിക്കുക? ന്യായാധിപന്‍മാരുടെ ഔദാര്യം കൊണ്ട് മാത്രം മോചിപ്പിക്കപ്പെടേണ്ടവരല്ല നിരപരാധികള്‍. അവരുടെ അവകാശമാണ് ജാമ്യവും നീതിയുമെന്ന് നമ്മുടെ നാട്ടിലെ ചില ന്യായാധിപന്മാരെയും അതുപോലെ ചില നിയമപാലകരെയും സമാനചിന്തയുള്ള ഭരണകര്‍ത്താക്കളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമം ലംഘിച്ച് കള്ളക്കേസുകള്‍ ഉണ്ടാക്കുന്ന നിയമപാലകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതിന് കൂട്ടുനില്‍ക്കുന്ന, നിരപരാധികളുടെ വിചാരണ അനാവശ്യമായി ദീര്‍ഘിപ്പിക്കുന്ന ന്യായാധിപന്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിചാരണാ തടവുകാരന്റെ ജാമ്യമെന്ന നിയമ വകാശത്തെ പോലും പുച്ഛിച്ചു തള്ളുന്ന ന്യായാധിപന്‍മാര്‍ പിന്നീട് ഗവര്‍ണര്‍മാരായി നമ്മുടെ നാട്ടിലേക്ക് വരുന്നത് നാം സഹിക്കേണ്ടിവരും. അതുപോലെ കോടതികളുടെയും അനുബന്ധ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിചാരണ വേഗത്തിലാക്കി കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കണം.
ഒരു രാഷ്ട്രം സംസ്‌കാരസമ്പന്നമാണോ, ആണെങ്കില്‍ എത്രത്തോളം എന്നു നിശ്ചയിക്കുന്നത് ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത അളന്നുകൊണ്ടാണ്. ആളുകളുടെ കുറ്റമോ നിരപരാധിത്വമോ ദശാബ്ദങ്ങളോളം നിശ്ചയിക്കാന്‍ നമുക്കായില്ലെങ്കില്‍ നമുക്ക് നമ്മളെ സംസ്‌കാരസമ്പന്നമായ ഒരു രാഷ്ട്രം എന്നു വിളിക്കാനാകില്ലെന്ന് പറയേണ്ടിവരും. വികസനത്തിന്റെ സ്വപ്‌നങ്ങള്‍ നല്‍കി നമ്മുടെ ഭരണകര്‍ത്താക്കള്‍ നമ്മെ മയക്കിക്കിടത്തുമ്പോള്‍, അനാവശ്യവിവാദങ്ങള്‍ക്ക് നമ്മുടെ മാധ്യമങ്ങള്‍ മൈക്ക് നീട്ടുമ്പോള്‍ നാം അറിയാതെ നമ്മുടെ സഹോദരങ്ങളുടെ ആര്‍ക്കൊക്കെയോ വേണ്ടി ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെടുന്നുണ്ടെന്നത് കാണാതെ പോകരുത്. അവരെ കണ്ടില്ലെന്ന് നടിച്ചാല്‍, അവര്‍ക്ക് നീതിന്യായ സംവിധാനത്തിന്റെ വിശാലത കാണിച്ചുകൊടുക്കാന്‍ നമുക്കായില്ലെങ്കില്‍, അവരുടെ പിന്‍തലമുറക്കാര്‍ നമ്മുക്കെതിരെ, നമ്മുടെ നാടിനെതിരെ ആയുധമെടുത്താല്‍ അവരെ നമുക്ക് എങ്ങനെ കുറ്റപ്പെടുത്താനാകും. അതുകൊണ്ട് ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ക്ലീഷേയായ ആ ആപ്തവാക്യം ഇനിയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നോക്കി പല്ലിളിക്കരുത്.