അമ്മയുടെയും ഇരട്ടസഹോദരങ്ങളുടെയും മരണം: വസ്തു പണയപ്പെടുത്തിയ സ്ഥാപനത്തില്‍ റെയ്ഡ്‌

Posted on: September 19, 2014 9:37 am | Last updated: September 19, 2014 at 9:37 am
SHARE

പാലക്കാട്: കോട്ടായിയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് അമ്മയും ഇരട്ട സഹോദരങ്ങളും ജീവനൊടുക്കിയ സംഭവത്തില്‍ ഇവരുടെ വസ്തു പണയപ്പെടുത്തിയ പി എന്‍ വൈ സഭയില്‍ പോലീസ് റെയ്ഡു നടത്തി.
35 സെന്റ് ഭൂമി 40 ലക്ഷം രൂപയ്ക്കാണ് ഇവിടെ പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. എന്നാല്‍ റെയ്ഡില്‍ അസ്വാഭാവികമായി യാതൊന്നുമില്ലെന്നും രേഖകള്‍ കൃത്യമായതുകൊണ്ട് വായ്പ നല്‍കുകയായിരുന്നുവെന്നും യോഗക്ഷേമസഭയുടെ നിയന്ത്രണത്തിലുള്ള ബേങ്ക് അധികൃതര്‍ അറിയിച്ചു.
അതുകൊണ്ടുതന്നെ പോലീസ് റെയ്ഡ് പാഴാവുകയും ചെയ്തു. ജില്ലയില്‍ ഒരു കൊലപാതകം ഉള്‍പ്പെടെ 26 കേസുകളിലെ പ്രതിയായ വി കെ രവിദാസ് (35), സഹായി കോട്ടായി സ്വദേശി ബിജു (26) എന്നിവര്‍ക്കെതിരെ ഇനി ഭീഷണിപ്പെടുത്തിയതിനും അനധികൃത പണമിടപാടു സംബന്ധിച്ച കേസും മാത്രമെ നിലനില്‍ക്കുകയുള്ളുവെന്ന് ഇതോടെ വ്യക്തമായി. പ്രതിയെന്ന് പോലീസ് ആരോപിക്കുന്ന വി കെ രവിദാസിന്റെ വീട്ടില്‍ കുബേര റെയ്ഡില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി റെയ്ഡു നടത്തിയപ്പോള്‍ തന്നെ പ്രതിയെ രക്ഷിക്കുന്നതിനാണെന്ന് ആരോപണം പ്രതിപക്ഷ യുവജനസംഘടനകള്‍ ആരോപിച്ചിരുന്നു.
ജില്ലയില്‍ ഇതുവരെ 424 പണിമിടപാട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് ഓപ്പറേഷന്‍ കുബേര അദാലത്തുകള്‍ നടത്തുകയും ചെയ്തിട്ടും രവിദാസ് ഉള്‍പ്പെടെ ജില്ലയിലെ വമ്പന്‍ സ്രാവുകള്‍ പുറത്തു നിന്നതിനു പിന്നില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്റെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മെഡിക്കല്‍ കേളജ് ഉദ്ഘാടനത്തിനായി ജില്ലയിലെത്തുന്നുണ്ട്. ഇതിനുശേഷം പോലീസ് തലപ്പത്ത് സ്ഥാനചലനവും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
ഇതിനിടെ വിനോദിന്റെ ആത്മഹത്യക്കുറിപ്പില്‍ 13 പേര്‍ക്ക് പണം നല്‍കാനുണ്ടെന്നും ഇതില്‍ പ്രമുഖന്‍ ദാസ് എന്നു വിളിക്കുന്ന കൃഷ്ണദാസ് ആണെന്നും പോലീസ് അറസ്റ്റുചെയ്ത വി കെ രവിദാസിന്റെ ഭാര്യ ആരോപിച്ചു.
ആത്മഹത്യ ചെയ്ത ദിവസം മൂന്നര ലക്ഷം രൂപാ ലഭിക്കുവാനുള്ള ജില്ലയില്‍ ഒരു പ്രമുഖന്‍ മരണവീട്ടിലെത്തിയിട്ടും പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു.