Connect with us

Palakkad

ബസ് ജീവനക്കാര്‍ക്ക് മര്‍ദനം: തൃശൂര്‍- ഒറ്റപ്പാലം റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്‌

Published

|

Last Updated

വടക്കാഞ്ചേരി: ബൈക്കിലെത്തിയ അഞ്ചംഗ സംഘം ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍-ഒറ്റപ്പാലം റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നലെ കാലത്ത് 8.30ഓടെയാണ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
ഒറ്റപ്പാലം-തൃശൂര്‍ റൂട്ടിലോടുന്ന പുഷ്പക് ബസിലെ ഡ്രൈവര്‍ വെട്ടിക്കാട്ടിരി വലക്കലായില്‍ ജയന്‍(36), കണ്ടക്ടര്‍ പുതുരുത്തി സ്വദേശി ശിവന്‍(36) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രശ്‌നത്തിന് ആധാരമായ സംഭവമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. തൃശൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന പുഷ്പക് ബസ് ശീകൃഷ്ണജയന്തി ഘോഷയാത്രയ്ക്കിടയില്‍ ഗതാഗതകുരുക്കില്‍പ്പെട്ടു. ഇതിന് ശേഷം മുന്നോട്ടു നീങ്ങിയ സ്വകാര്യബസിന് പുറകെ ബൈക്കിലെത്തിയ യുവാവ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഡ്രൈവര്‍ ജയനുമായി വാക്കുതര്‍ക്കത്തിലേര്‍പെട്ടു.
കഴിഞ്ഞ ദിവസം വൈകീട്ട് 6.55നാണ് ബൈക്കിലെത്തിയ സംഘം ഊത്രാളിക്കാവ് ക്ഷേത്രപരിസരത്തുവെച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ നിരന്തരം നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
സമര വിവരമറിയാതെ യാത്രയ്ക്ക് തിരിച്ചവരാണ് പെരുവഴിയിലായത്. സര്‍വീസ് നടത്തിയിരുന്ന പല ബസുകളും വിവിധ കേന്ദ്രങ്ങളില്‍ സമരക്കാര്‍ തടഞ്ഞിട്ടു.
പല സ്ഥലത്തും പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്.

Latest