Connect with us

Articles

ഒരു കൊലപാതകക്കേസില്‍ യു എ പി എ ചുമത്തുമ്പോള്‍

Published

|

Last Updated

uapaകതിരൂര്‍ മനോജ് വധക്കേസ് രാഷ്ട്രീയ പകപോക്കലിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ബി ജെ പി-കോണ്‍ഗ്രസ് സര്‍ക്കാറുകള്‍. കേന്ദ്രസര്‍ക്കാറിന്റെ അഭീഷ്ടമനുസരിച്ചാണ് കേരള സര്‍ക്കാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ യു എ പി എ എന്ന കരിനിയമവും ചേര്‍ത്തത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് സി ബി ഐക്ക് കേസ് വിടാനും യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വധത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അനേ്വഷണം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. നിലവിലുള്ള ശിക്ഷാനിയമങ്ങളും ക്രിമിനല്‍ നടപടി നിയമങ്ങളുമനുസരിച്ച് കേസെടുത്ത് കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാവുന്നതാണ്.

മനോജ് വധത്തെ സി പി എമ്മിനെ വേട്ടയാടാനും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള അവസരമാക്കിമാറ്റാനുമുള്ള വലതുപക്ഷ ഗൂഢാലോചനയാണ് ഇപ്പോഴത്തെ നടപടികള്‍ മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ വധം അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്ന് ആവര്‍ത്തിച്ചവരും ഓരിയിട്ടുനടന്നവരുമാണ് അതിനു ശേഷം പത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത്. ഗ്രൂപ്പ് വഴക്ക് മൂലം തൃശൂരില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. എസ് എഫ് ഐ പ്രവര്‍ത്തകനായ മകനെ ലക്ഷ്യമിട്ട് വന്ന ആര്‍ എസ് എസ്സുകാര്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതടക്കമുള്ള ആറോളം സി പി എം പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നത്. അതൊന്നും സി ബി ഐ അനേ്വഷിക്കണമെന്ന് ചിന്തിക്കാത്തവര്‍ കതിരൂരിലെ ഒരു സാധാരണ കൊലപാതകത്തെ സി ബി ഐക്ക് വിടുന്നതിന്റെ രാഷ്ട്രീയാര്‍ഥം മനസ്സിലാക്കാന്‍ കഴിയുന്നവരാണ് കേരളീയര്‍.
അനേ്വഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുക എന്ന കുത്സിതമായ നീക്കമാണ് എല്ലാ കാലത്തും യു ഡി എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടുള്ളത്. എതിരാളികളെ വേട്ടയാടുക മാത്രമല്ല അനേ്വഷണ ഏജന്‍സികളെ ഉപയോഗിച്ച് സ്വന്തം അഴിമതികളെയും കുറ്റകൃത്യങ്ങളെയും തേച്ച്മായ്ച്ചുകളയുന്നതും യു ഡി എഫിന്റെ പതിവു രീതിയാണ്. സോളാര്‍, പാമോലിന്‍, ഭൂമിതട്ടിപ്പ്, ടൈറ്റാനിയം, പ്ലസ്ടു തുടങ്ങിയ കേസുകളെല്ലാം പരിശോധിക്കുന്ന ആര്‍ക്കുമിത് ബോധ്യമാകും. യു ഡി എഫ് സര്‍ക്കാര്‍ നിയമ സംവിധാനങ്ങളെയും നീതിനിര്‍വഹണ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുന്നതിന്റെയും തകര്‍ക്കുന്നതിന്റെയും എത്രയോ ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാനാകും.
മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത വര്‍ഗീയവാദികള്‍ നയിക്കുന്ന സര്‍ക്കാറിന്റെ ഇംഗിതങ്ങളനുസരിച്ചാണ് യു ഡി എഫ് സര്‍ക്കാര്‍ യു എ പി എ അനുസരിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജയ്പൂരില്‍ പോലീസ് അക്കാദമികളുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഈയിടെ വിവാദമായി ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. മനുഷ്യാവകാശങ്ങളെ അവജ്ഞയോടെ തള്ളിക്കളയാനും പോലീസ് അധികാരം ശക്തമായി ഉപയോഗിക്കാനുമാണ് രാജ്‌നാഥ് സിംഗ് ഉപദേശിച്ചത്. കതിരൂര്‍ കേസ് എന്‍ ഐ എയെ ഏല്‍പ്പിക്കാനുള്ള സമര്‍ഥമായ ശ്രമമാണ് യു എ പി എ ചേര്‍ക്കുന്നതിലൂടെ പോലീസിലെ ചില ഉദേ്യാഗസ്ഥര്‍ നടത്തിയിരിക്കുന്നത്. അനേ്വഷണച്ചുമതലയുള്ള ഡി ജി പി അനന്തകൃഷ്ണന് പോലും യു എ പി എ പോലുള്ള ഒരു ഭീകരവിരുദ്ധ നിയമം ഈ കേസില്‍ ഉപയോഗിച്ചതിന്റെ സാംഗത്യം വിശദീകരിക്കാനാകുന്നില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിനും ക്രിമിനല്‍ നടപടിനിയമത്തിനും പുറത്ത് എന്തിനാണ് കതിരൂരിലെ ഈയൊരു കൊലപാതകം യു എ പി എയുടെ അധികാരപരിധിയില്‍ കൊണ്ടുവന്നത്? ദേശീയതലത്തില്‍ ഏറെ വിമര്‍ശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയായ ഒരു കരിനിയമം കേരളത്തില്‍ ഒരു സാധാരണ കൊലപാതക കേസില്‍ ഉപയോഗിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്തായിരിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പൗരന് ഭരണഘടന നല്‍കുന്ന മനുഷ്യാവകാശങ്ങളെ തന്നെ നിഷേധിക്കുന്ന തരത്തില്‍ കുറ്റങ്ങളെ നേരിടാനെന്ന വ്യാജേന അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കരിനിയമങ്ങള്‍ ഭരണകൂട ഭീകരതയെയാണ് മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് നിരവധി കരിനിയമങ്ങളുണ്ട്. ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന എല്ലാവിധ ജനാധിപത്യധ്വംസനങ്ങള്‍ക്കും ഉപയോഗിക്കുന്ന ഭരണകൂട ഭീകരതയെയാണ് ഈ കരിനിയമങ്ങളെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. ടാഡയും പോട്ടയും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ നിരവധിയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് ഈ കരിനിയമങ്ങള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിച്ചത്. യു പി എ- എന്‍ ഡി എ സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥയേക്കാള്‍ കൊടിയ മനുഷ്യാവകാശലംഘനമാണ് ടാഡയും പോട്ടയും യു എ പി എയും ഉപയോഗിച്ച് ഭരണകൂടം നടത്തിയത്. വര്‍ഷങ്ങളോളം വിചാരണ തടവുകാരായി യുവാക്കളെ തടവിലിട്ട് പീഡിപ്പിച്ചതിനു ശേഷം കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. ഇതു സംബന്ധമായി ജാമിഅ മില്ലിയ സര്‍വകലാശാലാ അധ്യാപകര്‍ നടത്തിയ അനേ്വഷണ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ യു എ പി എ പോലുള്ള ഒരു കരിനിയമം ഉപയോഗിച്ച് ഇടതുപക്ഷ വേട്ടക്ക് പുതിയൊരു മുഖം തുറക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിനു ശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ സ്വന്തം രാജ്യത്തെ പൗരന്മാരെ വേട്ടയാടാന്‍ ഭരണകൂടങ്ങള്‍ക്ക് നിയമാതീതമായി പ്രവര്‍ത്തിക്കാമെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഭരണകൂടത്തിന് അനഭിമതരായ ഏത് ജനസമൂഹത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭീകരരെന്ന് മുദ്രകുത്തി വേട്ടയാടാം. അതിനായി കരിനിയമങ്ങള്‍ പടച്ചുവിടാം. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഭീഷണി നേരിടുകയാണെന്ന് പ്രചരിപ്പിച്ച് ഒരു വിഭാഗം ജനങ്ങളെ ശത്രുക്കളായി പരിഗണിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് ഇതിനായി രൂപപ്പെടുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായിട്ടാണ് അത്യധികം വിവേചനപൂര്‍വം ഈ നിയമം വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാര്‍ലിമെന്റിനകത്തും പുറത്തും ഇടതുപക്ഷം സ്വീകരിച്ചത്.
യു എ പി എ എന്ന കരിനിയമത്തിന്റെ ലക്ഷ്യം തന്നെ ഭരണകൂടവിമര്‍ശകരെയും വ്യവസ്ഥയില്‍ വിശ്വാസം നശിച്ചവരെയും ശത്രുക്കളായി വേട്ടയാടുക എന്നതായിരുന്നു. യു എ പി എയുടെ ചരിത്രം തന്നെ ഇത് വ്യക്തമാക്കിത്തരുന്നതാണ്. 1967ല്‍ യു എ പി എ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ഈ കരിനിയമത്തിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ എം പിമാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു. പാര്‍ലിമെന്റ് നടപടിക്രമങ്ങളുടെ രേഖകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അന്നത്തെ ആഭ്യന്തരമന്ത്രി വൈ ബി ചവാനോട് നാഥ്‌പൈ എം പി ചോദിച്ചത് “ഈ രാജ്യത്തെ ജനങ്ങളുടെയും അവകാശങ്ങളുടെയും അന്തിമ രക്ഷാകര്‍ത്താവ് പോലീസിന്റെ ബാറ്റനാണോ?” എന്നാണ്. ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഉണ്ടാക്കുന്ന നിയമമെന്നാണ് അദ്ദേഹം യു എ പി എ (ഡിഹമംളൗഹ അരശേ്ശശേല െജൃല്‌ലിശേീി അര)േയെ വിശേഷിപ്പിച്ചത്. പോലീസിന് അമിതാധികാരം നല്‍കുന്ന മനുഷ്യാവകാശങ്ങളെ അവഗണിക്കുന്ന കരിനിയമമെന്നാണ് പാര്‍ലിമെന്റംഗങ്ങള്‍ ഈ നിയമനിര്‍മാണത്തെ എതിര്‍ത്തുകൊണ്ട് അന്നുതന്നെ ചൂണ്ടിക്കാട്ടിയത്.
റാവു സര്‍ക്കാറിന്റെ കാലത്താണ് ഭീകരതയെ നേരിടാന്‍ ടാഡാ നിയമം കൊണ്ടുവരുന്നത്. ടാഡ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട നിയമമായിരുന്നു. ഭീകരപ്രവര്‍ത്തനം ആരോപിച്ച് ആരെയും ജയിലിലടക്കാന്‍ പോലീസിന് അധികാരം നല്‍കുന്ന ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിനു ശേഷമാണ് ടാഡക്ക് പകരം “പോട്ട” കൊണ്ടുവരുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ ഈ നിയമം ഉപയോഗിച്ച് മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി. കോണ്‍ഗ്രസ് നേതാക്കള്‍ വരെ ഈ നിയമത്തിനെതിരെ രംഗത്തുവന്നു. 2004ലെ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പോട്ട പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഭീകരവിരുദ്ധ നിയമം നടപ്പിലാക്കില്ലെന്നും പുതിയ കരിനിയമങ്ങള്‍ ഉണ്ടാക്കില്ലെന്നും നിലവിലുള്ള നിയമമനുസരിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ തടയുമെന്നും പ്രഖ്യാപിച്ചു.
2004ല്‍ അധികാരത്തില്‍വന്ന യു പി എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് “പോട്ട”യിലെ വ്യവസ്ഥകള്‍ ചേര്‍ത്തുകൊണ്ട് പഴയ യു എ പി എ നിയമം കര്‍ശനമാക്കിയത്. മൂന്ന് തവണ ഇതിനായി യു പി എ സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഭീകര പ്രവര്‍ത്തനം തടയാന്‍ പ്രതേ്യക നിയമമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ യു എ പി എയെ പോട്ടക്ക് സമാനമായ ഭീകരവിരുദ്ധ നിയമമായി ഭേദഗതി ചെയ്തു. 2008ലെ ഭേദഗതിയിലൂടെ ടാഡയിലെയും പോട്ടയിലെയും വ്യവസ്ഥകള്‍ അങ്ങനെത്തന്നെ യു എ പി എയില്‍ ചേര്‍ത്തു. യു എ പി എയെ കടുത്ത മനുഷ്യാവകാശലംഘനത്തിനുള്ള നിയമമാക്കി മാറ്റിയതിലൂടെ യു പി എ സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടാണ് വ്യക്തമായത്. ടാഡയിലെയും പോട്ടയിലെയും വ്യവസ്ഥകള്‍ ചേര്‍ത്ത് നിലവിലുള്ള ഒരു നിയമത്തെ കടുത്ത കരിനിയമമാക്കി മാറ്റിയെടുക്കുകയായിരുന്നു.
രാജേഷ് ധവാനെ പോലുള്ള നിയമപണ്ഡിതര്‍ യു എ പി എ ഭേദഗതികളെ വിശകലനം ചെയ്തുകൊണ്ട് എഴുതിയത് ഇത് ടാഡയുടെയും പോട്ടയുടെയും തിരിച്ചുവരവാണെന്നാണ്. പൂര്‍വാധികം ശക്തിയോടെയുള്ള തിരിച്ചുവരവായിട്ടാണ് പല മനുഷ്യാവകാശ പ്രവര്‍ത്തകരും വിലയിരുത്തിയത്. 2012ല്‍ യു എ പി എയില്‍ വരുത്തിയ ഭേദഗതികള്‍ ടാഡയെ പോലെയും പോട്ടയെപോലെയും ശക്തമായ കരിനിയമമാക്കി ഈ നിയമത്തെ മാറ്റി. ഈ ഭേദഗതി നിര്‍ദേശങ്ങളെ ശക്തമായി പാര്‍ലിമെന്റിനകത്തും പുറത്തും സി പി എം എതിര്‍ത്തു. കോണ്‍ഗ്രസും ബി ജെ പിയും ടാഡയുടെയും പോട്ടയുടെയും ഉള്ളടക്കത്തോടെയുള്ള യു എ പി എ ഭേദഗതിക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം പേരാണ് ഈ നിയമത്തിന്റെ ദുരുപയോഗം മൂലം തടവറകളിലടക്കപ്പെട്ടത്. വിചാരണ പോലുമില്ലാതെ തടവറകളില്‍ ഒമ്പതും പത്തും വര്‍ഷക്കാലം തടവില്‍ കഴിയേണ്ടി വരുന്ന സാഹചര്യമാണ് ഈ കരിനിയമം മൂലം ഉണ്ടായത്. കേരളത്തില്‍ യു എ പി എ ഉപയോഗിക്കുന്നതു വഴി ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ പുതിയൊരു യുദ്ധമുഖമാണ് തുറക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും ഇടതുപക്ഷ വേട്ടക്കായി ഇവിടെ ഒന്നിക്കുന്നു. ജര്‍മന്‍ കവി നിയോ മുള്ളര്‍ എഴുതിയ പോലെ മുസ്‌ലിംകളെയും ഇടതുപക്ഷക്കാരെയും തേടിയാണ് ഇന്ന് ഈ കരിനിയമങ്ങള്‍ കൊണ്ടുവരുന്നെതങ്കിലും അത് മുഴുവന്‍ ജനങ്ങളെയും തേടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.