Connect with us

Ongoing News

കശ്മീരില്‍ പ്രളയത്തില്‍ പെട്ട മലയാളി വിദ്യാര്‍ഥികളോട് എയര്‍ ഇന്ത്യയുടെ അവഗണന

Published

|

Last Updated

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പ്രളയക്കെടുതിയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ കടുത്ത അവഗണന. വെള്ളപ്പൊക്കക്കെടുതിയുടെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെട്ട മലയാളികളായ അഞ്ച് എന്‍ ഐ ടി വിദ്യാര്‍ഥികള്‍ക്ക് എയര്‍ ഇന്ത്യ സൗജന്യ യാത്ര നിഷേധിച്ചു. നെഞ്ചോളമെത്തുന്ന വെള്ളത്തിലൂടെ പതിനഞ്ചുകിലോമീറ്ററോളം നടന്ന് ശ്രീനഗര്‍ വിമാനത്താളത്തില്‍ എത്തിയ വിദ്യാര്‍ഥികളാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ ക്രൂരതക്കിരയായായത്. പ്രളയത്തില്‍പ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശവാദമുന്നയിക്കുന്നതിനിടെയാണ് പ്രളയത്തില്‍ പെട്ട മലയാളി വിദ്യാര്‍ഥികള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇരട്ടിയിലേറെ വിമാനക്കൂലി നല്‍കി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയത്.
ശ്രീനഗര്‍ ഹസ്രത്ത്ബാലിലെ എന്‍ ഐ ടി ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഒരുനില വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലം ക്ലാസ്മുറിയില്‍ അഭയം തേടിയ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ കാശ്മീര്‍ സര്‍വകലാശാലയിലേക്ക് മാറ്റുകയായാരുന്നു. സൈന്യം നല്‍കിയ റൊട്ടിയും അച്ചാറും മാത്രമാണ് ഭക്ഷണം.
പിന്നീട് കേരള സര്‍ക്കാറിന്റെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് നെഞ്ചോളം വെള്ളത്തില്‍ 15 കിലോമീറ്ററോളം നീന്തി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയത്.
എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുക്കാനായിരുന്നു നിര്‍ദേശം. കൈയില്‍ കാശില്ലാതിരുന്ന വിദ്യാര്‍ഥികള്‍ ഒടുവില്‍ അശ്വതിയെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഒരാള്‍ക്ക് 6000 രൂപ വീതം നല്‍കി സ്‌പൈസ് ജെറ്റില്‍ ടിക്കറ്റെടുത്തത്.
സാധാരണ നിരക്ക് 2000 രൂപയാണെന്നിരിക്കെയാണ് രണ്ടിരട്ടി അധികം നല്‍കി ഡല്‍ഹിയിലേക്ക് ടിക്കറ്റ് വാങ്ങിയത്. ഡല്‍ഹി വിമാനത്താളത്തില്‍ നിന്ന് കേരള ഹൗസിലെത്തിയതും ടാക്‌സിപിടിച്ചായിരുന്നെന്നും വീണ്ടും ആറായിരം രൂപ മുടക്കിയാണ് ടിക്കറ്റെടെത്ത് നെടുമ്പാശ്ശേരിയിലെത്തിയതെന്നും എന്‍ ഐ ടി വിദ്യാര്‍ഥികളായ തലശ്ശേരി സ്വദേശി പി പി വിവേക്, കോഴിക്കോട്ടുകാരായ വി മുനീര്‍, ബക്കര്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.