Connect with us

Kozhikode

ഊര്‍ജ മേഖലയില്‍ നഗരം ഹൈടെക്കാകുന്നു

Published

|

Last Updated

കോഴിക്കോട്: ഊര്‍ജ മേഖലയില്‍ കോഴിക്കോട് നഗരവും സമീപ പ്രദേശങ്ങളും ആധുനികവത്ക്കരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ ആര്‍ എ പി ഡി ആര്‍ പി പദ്ധതിയുടെ ഭാഗമായാണ് ആധുനിക വത്കരണം നടക്കുന്നത്.

വൈദ്യുതി വിതരണ ശൃംഖല ആധുനിക വത്ക്കരിക്കുന്നതിനോടൊപ്പം വിതരണ നഷ്ടം 15 ശതമാനം വരെ കുറക്കുന്നതിനും പദ്ധതി വഴി സാധിക്കും. ആര്‍ എ പി ഡി ആര്‍ പി (റീ സട്രക്‌ച്ചേഡ് ആക്‌സിലറേറ്റഡ് പവര്‍ ഡവലപ്പ്‌മെന്റ് റിഫോംസ് പ്രോഗ്രാം) പദ്ധതി ഏഴ് മാസത്തിനകം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതു സംബന്ധിച്ച് ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാന വൈദ്യുത ബോര്‍ഡിനാണ് പദ്ധതി നടത്തിപ്പിനുള്ള ചുമതല. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഏകദേശം 286 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകളും 624 റിംഗ് മെയില്‍ യൂനിറ്റുകളും 249 പുതിയ ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിക്കും. സമീപ പ്രദേശങ്ങളില്‍ പുതുതായി ഓവര്‍ ഹെഡ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുളളത് ബലപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.
198 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാല്‍ വിവിധ വകുപ്പ് മേലാധികാരികളുമായി കലക്ടര്‍ ഇന്നലെ ചര്‍ച്ച നടത്തി. പദ്ധതിയുടെ ഭാഗമായുള്ള ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ ഉടന്‍ അനുമതി നല്‍കാനും ഓരോ മാസവും 40 കിലോമീറ്ററില്‍ കുറയാതെ റോഡ് കട്ടിങ്ങിനുള്ള സംവിധാനം ഒരുക്കാനും പി ഡബ്ല്യ ഡി അധികാരികള്‍ക്ക് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
റോഡ് റിഫോര്‍മേഷന്‍ നല്‍കാനുദ്ദേശിച്ചിട്ടുള്ള റോഡുകളില്‍ കേബിള്‍ സ്ഥാപിക്കാനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. അവലോകന യോഗത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേലധികാരികള്‍ പങ്കെടുത്തു.