Connect with us

Malappuram

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്; സാങ്കേതിക അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: പട്ടണത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന നഗരസഭ ഓഫീസിന് പിറക് വശത്തായി നിര്‍മിക്കുന്ന മൂന്നാം ബസ് സ്റ്റാന്‍ഡിന്റെ സാങ്കേതികാനുമതിക്കായി സംസ്ഥാന ചീഫ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നീണ്ട സാങ്കേതിക നടപടികള്‍ക്കൊടുവിലാണ് ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ ഫയലെത്തിക്കാനായത്.
2011 ജനുവരി മാസത്തിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള സ്ഥലം തരം മാറ്റിയുള്ള അനുമതി സംസ്ഥാനതല നിരീക്ഷണ സമിതി നഗരസഭക്ക് നല്‍കിയത്. തുടര്‍ന്ന് സ്ഥലം സര്‍വേ ചെയ്ത് സൈറ്റ് പ്ലാന്‍ തയ്യാറാക്കാനായി താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. 2011 മെയ് മാസത്തില്‍ സര്‍വേയര്‍ സൈറ്റ് പ്ലാന്‍ തയ്യാറാക്കിയിരുന്നു.
ഇതിന് ശേഷം മണ്ണ് പരിശോധനക്കായി കോഴിക്കോട് ഗവ.എന്‍ജിനിയറിംഗ് കോളജിനെ നഗരസഭ ചുമതലപ്പെടുത്തി. 2011 ആഗസ്റ്റില്‍ മണ്ണ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചു. പിന്നീട് ബസ് സ്റ്റാന്‍ഡിന്റെ സ്‌കെച്ചും പ്ലാനും തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. ടെന്‍ഡര്‍ നടപടികളിലൂടെ തൃശൂരുള്ള ഇന്‍ഡി ഗോ സൊലൂഷന്‍ എന്ന സ്ഥാപനത്തെ ഇതിനായി ചുമതലപ്പെടുത്തുകയും 2012 ഫെബ്രുവരി മാസത്തില്‍ ഇവര്‍ തയ്യാറാക്കിയ പ്ലാന്‍ അംഗീകാരത്തിനായി ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
2013 ജനുവരി മാസത്തിലാണ് ചീഫ് ടൗണ്‍ പ്ലാനര്‍ നഗരസഭ സമര്‍പ്പിച്ച ഈ പ്ലാനിന് അംഗീകാരം നല്‍കിയത്. ഇതിന് ശേഷം വിശദമായ സ്ട്രക്ചറല്‍ ഡിസൈന്‍ എന്‍ജിനിയറിംഗ് കോളജില്‍ അംഗീകാരത്തിന് സമര്‍പ്പിച്ച് 2013 മെയ് മാസത്തില്‍ അംഗീകരിച്ചു കിട്ടി. 11.45 കോടി രൂപ ചെലവ് വരുന്ന ഗ്രൗണ്ട് ഫ്‌ളോര്‍ കെട്ടിടവും ബസ് സ്റ്റാന്‍ഡ് യാര്‍ഡുമാണ് ഒന്നാം ഘട്ടം എന്ന രൂപത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഈ സംഖ്യക്കുള്ള എസ്റ്റിമേറ്റിനാണ് ചീഫ് എന്‍ജിനിയറുടെ സാങ്കേതികാനുമതി ലഭിക്കേണ്ടത്. സാങ്കേതികാനുമതിക്ക് ശേഷം പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറും തുടര്‍ന്ന് ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും പ്രവൃത്തി ആരംഭിക്കുക.

Latest