Connect with us

Wayanad

പ്രദേശവാസികളുടെ ഉറക്കം കെടുത്തി വീണ്ടും കടമാന്‍തോട് പദ്ധതി

Published

|

Last Updated

പുല്‍പ്പള്ളി: ഒരു ഇടവേളക്കുശേഷം നാട്ടുകാരില്‍ ആശങ്കയുയര്‍ത്തി കടമാന്‍തോട് പദ്ധതി വീണ്ടും ചര്‍ച്ചാവിഷയമായി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നു.
കാവേരി നദീജല വിഹിതത്തില്‍നിന്ന് സംസ്ഥാനത്തിന് അനുവദിച്ച 21 ടി.എം.സി. ജലം ഉപയോഗപ്പെടുത്തുന്നതിനായി ഒമ്പത് പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഇതില്‍ ഒന്നാംഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതാണ് കടമാന്‍തോട് പദ്ധതി. പാളക്കൊല്ലിയിലായിരുന്നു അണക്കെട്ട് നിര്‍മിക്കുന്നതിന് ആദ്യം സ്ഥലം കണ്ടെത്തിയത്. എന്നാല്‍, ജനാവശ്യം പരിഗണിച്ച് അണക്കെട്ടിന്റെ സ്ഥാനം ആനപ്പാറയിലേക്ക് മാറ്റുകയായിരുന്നു.
1.53 ടി.എം.സി. ജലമാണ് കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ കടമാന്‍തോട് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
ഇവിടെ വന്‍കിട പദ്ധതി രൂപകല്പന ചെയ്യുകയാണെങ്കില്‍ ജലാശയത്തിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി വേണ്ടിവരുന്ന സ്ഥലത്തിന്റെ അളവുകൂടും. അതിനാല്‍ ചെറുകിട പദ്ധതിയായാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.
പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന 1.53 ടി.എം.സി. ജലത്തില്‍ നിന്നും 0.697 ടി.എം.സി. ജലം മാത്രം ഉപയോഗിച്ചുള്ള ചെറിയ പദ്ധതിയാണ് കടമാന്‍തോട്ടില്‍ വിഭാവനം ചെയ്യുന്നത്. തുടക്കത്തില്‍ 48 മീറ്റര്‍ ഉയരവും 320 മീറ്റര്‍ നീളവുമുള്ള അണക്കെട്ടു നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനു വനഭൂമി ഉള്‍പ്പെടെ 380 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമായിരുന്നു.
ഇങ്ങനെ എടുക്കുന്ന സ്ഥലത്ത് 280 കെട്ടിടങ്ങളും 17 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടും. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അണക്കെട്ടിന്റെ ഉയരം 28 മീറ്ററും നീളം 435 മീറ്ററുമാക്കി. മണ്ണണയും കോണ്‍ക്രീറ്റ് സ്പില്‍വേയുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കനാലിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കുന്നതിനു ഡാമിലെ വെള്ളം പൈപ്പു വഴിയാകും വിതരണംചെയ്യുക. ഈ പൈപ്പുകള്‍ പുഴയോരം വഴിയും റോഡിന്റെ വശങ്ങളിലുമാണ് സ്ഥാപിക്കുക. കൂടാതെ ജലനഷ്ടം ഒഴിവാക്കുന്നതിന് സ്പ്രിംഗ്ലൂ, ഡ്രിപ്പ് ജലസേചനമാര്‍ഗങ്ങള്‍ ഇതിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
4,800 ഏക്കര്‍ കൃഷിഭൂമിയിലേക്കു ജലസേചന സൗകര്യമൊരുക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ച് ജലസംഭരണശേഷി വര്‍ധിപ്പിച്ചാല്‍ വൈദ്യുതി ഉത്പാദനവും ഈ പദ്ധതികൊണ്ടു സാധ്യമാകുമെന്നും മത്സ്യബന്ധനം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായതോടെ പദ്ധതിപ്രദേശത്തെ സ്ഥലവില കുത്തനെ ഇടിയുകയും സ്ഥലക്കച്ചവടം നിലയ്ക്കുകയും ചെയ്തു. വീടുപണികള്‍ ആരംഭിച്ച പല കുടുംബങ്ങളും എന്തുചെയ്യണമെന്നറിയാതെ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.