കാത്തിരിപ്പിനൊടുവില്‍ കാലിക്കറ്റ് അക്വേറിയം വീണ്ടും തുറക്കുന്നു

Posted on: September 9, 2014 9:44 am | Last updated: September 9, 2014 at 9:44 am
SHARE

കോഴിക്കോട്: ഏറെ നാളെത്ത കാത്തിരിപ്പിനൊടുവില്‍ കാലിക്കറ്റ് അക്വേറിയം വീണ്ടും തുറക്കുന്നു. ഈ ആഴ്ച തന്നെ അക്വേറിയം തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഡി ടി പി സി അധികൃതര്‍ അറിയിച്ചു.
ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന അക്വേറിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. 35 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. പി സി റശീഷ് ആന്‍ഡ് അസോസിയേറ്റ്‌സ് ആണ് പ്രവൃത്തി നടത്തിയത്.
നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിലുള്ള അക്വേറിയം പാടെ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇപ്പോള്‍ കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയായി. മേല്‍ക്കൂരയില്‍ ഫൈബര്‍ ഷീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്ത് ടൈല്‍ പാകുന്നതിന്റെയും ചുറ്റുമതിലിന്റെയും പ്രവൃത്തിയാണ് ഇനി നടക്കാനുള്ളത്. ഇതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഡി ടി പി സി അധികൃതര്‍ പറഞ്ഞു.
1995ലാണ് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപത്തായി സംസ്ഥാന ടൂറിസം വകുപ്പ് അക്വേറിയം സ്ഥാപിച്ചത്. കടല്‍ കുതിര, പിരാന തുടങ്ങി നിരവധി മത്സ്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് പേരായിരുന്നു ദിവസവും ഇവിടം സന്ദര്‍ശിച്ചിരുന്നത്. ജില്ലയുടെ ടൂറിസം രംഗത്ത് ഒരു മുതല്‍ക്കൂട്ടായിരുന്ന അക്വേറിയം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് ഇവ നശിക്കാന്‍ ഇടയാക്കിയത്. കൂടാതെ വെള്ളയില്‍ ഭാഗത്ത് കേന്ദ്ര സുമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ അക്വേറിയം വന്നതും കാലിക്കറ്റ് അക്വേറിയത്തിന് തിരിച്ചടിയായി.
ഇപ്പോള്‍ നവീകരണം പൂര്‍ത്തിയായ സ്ഥിതിക്ക് അപൂര്‍വയിനം മത്സ്യങ്ങളെ വരെ എത്തിച്ച് വിപുലമായ രീതിയില്‍ അക്വേറിയം തുറക്കാനാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പദ്ധതി.