പൊതുവേദികളിലും സത്കാരങ്ങളിലും മദ്യം വിളമ്പരുതെന്ന് കത്തോലിക്കാ ഇടയ ലേഖനം

Posted on: September 9, 2014 12:55 am | Last updated: September 9, 2014 at 12:55 am
SHARE

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയ ലേഖനം. സര്‍ക്കാറിന്റെ മദ്യനയം സ്വാഗതാര്‍ഹവും പ്രത്യാശ നല്‍കുന്നതുമാണ്. മദ്യനയ രൂപവത്കരണത്തിന് കാരണക്കാരായ എല്ലാവരെയും അഭിനന്ദിക്കുന്നു. പൊതുവേദികളിലും വിരുന്നു സത്കാരങ്ങളിലും മദ്യം വിളമ്പരുതെന്നും അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ഞായറാഴ്ച വായിച്ച ഇടയ ലേഖനം ആഹ്വാനം ചെയ്യുന്നു.
ഇടവകകളിലെ അജപാല സമിതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരി വിമുക്തരായിരിക്കണമെന്നും ‘സര്‍ക്കാറിന്റെ മദ്യനയവും ലഹരിവിമുക്ത കേരളവും’ എന്ന തലക്കെട്ടിലുള്ള ഇടയ ലേഖനത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ മനുഷ്യനന്മയും സാമൂഹികക്ഷേമവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണം. സര്‍ക്കാറിന്റെ മദ്യനയം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് മദ്യവര്‍ജനം വ്യാപകമാക്കണം. സ്വകാര്യ മദ്യ ഉത്പാദനവും വ്യാജ മദ്യ ഉപയോഗവും ഒരു കാരണവശാലും സംഭവിക്കരുത്. മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമകളായവരെ മോചിപ്പിക്കാന്‍ ഇടവകകളിലെ മദ്യവിരുദ്ധ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.