ഉപേക്ഷിക്കപ്പെട്ട ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു

Posted on: September 6, 2014 7:02 pm | Last updated: September 6, 2014 at 7:02 pm
SHARE

vimanamഉമ്മുല്‍ ഖുവൈന്‍: ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു. ചുറ്റിപറ്റി ചില നിഗൂഢതകളുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉമ്മുല്‍ ഖുവൈന്‍ എയര്‍ ഫീല്‍ഡില്‍ കാറ്റും മഴയും വെയിലുമേറ്റു കിടക്കുകയാണ് ഈ ചരക്കു വിമാനം. പലര്‍ക്കും പരസ്യം പതിക്കാനുള്ള ഇടമായി മാറിയിരിക്കയാണ് മണലില്‍ പൂണ്ട നിലയില്‍ കിടക്കുന്ന ചരക്കു വിമാനം. ആളുകളുടെ അസാന്നിധ്യം മുതലെടുത്ത് പക്ഷികള്‍ വിമാനത്തില്‍ കൂടുകൂട്ടിയിട്ടുണ്ട്. വിമാനത്തിന്റെ യന്ത്രം നിലച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പാല്‍മ ബീച്ച് ഹോട്ടലിന് സമീപത്ത് ബരാക്കുട ബീച്ച് റിസോര്‍ട്ടിന് പിന്നിലായാണ് വിമാനം കിടക്കുന്നത്. ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചരക്കു വിമാനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലത്തിന്റെ തെളിവുകൂടിയാണിത്. പരുഷമായ പ്രദേശങ്ങളിലും ദുര്‍ഘടമായ കാലാവസ്ഥയിലും ഇറങ്ങാനും പറക്കാനും ഇവക്കുള്ള കഴിവ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. 1975 ലാണ് സോവിയറ്റ് വായു സേന ഇത്തരം വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തു ഉപയോഗിക്കാന്‍ ആരംഭിച്ചത്.

1990 – 2000 കാലഘട്ടത്തിലാണ് ഉമ്മുല്‍ ഖുവൈന്‍ എയര്‍ഫീല്‍ഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. അക്കാലത്ത ഔദ്യോഗികമല്ലെങ്കിലും ഈ എയര്‍ഫീല്‍ഡ് പ്രസിദ്ധമായിരുന്നു. സ്‌കൈ ഡൈവിംഗില്‍ ഏര്‍പ്പെടുന്നവരും പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്നവരുമെല്ലാം അന്ന് ഇവിടെ സജീവമായിരുന്നു.

എയര്‍ഫീല്‍ഡിന്റെ നല്ല കാലത്ത് ഗ്ലൈഡറുകളും മൈക്രോലൈറ്റ് വിമാനങ്ങളും ഇവിടം കേന്ദ്രമാക്കി പറപ്പിച്ചിരുന്നതായി മുഹമ്മദ് ബദര്‍നെജാദ് വ്യക്തമാക്കി. റാസല്‍ ഖൈമ, ഫുജൈറ മേഖലയിലേക്കായിരുന്നു ആ യാത്രകള്‍. പാരച്ച്യൂട്ടില്‍ എയര്‍ഫീല്‍ഡില്‍ ഇറങ്ങിയതിന്റെ ഓര്‍മയും ഇദ്ദേഹം പങ്കുവെച്ചു.

ഉയരത്തില്‍ നിന്നും താഴോട്ട് വരുന്ന പാരച്ചൂട്ടുകാര്‍ക്ക് നിശ്ചലം കിടക്കുന്ന റഷ്യന്‍ വിമാനം ദിശാ സൂചികയായിരുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് റഷ്യന്‍ വിമാനം കണ്ടത്. ഇന്നും ആര്‍ക്കും അറിയില്ല, എന്തിനായിരുന്നു ആ വിമാനം എയര്‍ഫീല്‍ഡില്‍ ഇറങ്ങിയതെന്ന്. 1999 ലായിരുന്നു ആ സംഭവം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി അധികൃതര്‍ ഔദ്യോഗികമായി ഈ എയര്‍ഫീല്‍ഡ് അടച്ചിട്ടിരിക്കയാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും 1990കളുടെ മധ്യ കാലം വരെ വിമാനം റഷ്യന്‍ എയര്‍ ഫോഴ്‌സ് സേവനങ്ങള്‍ക്ക് ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങളായി ഇവിടെയുള്ള വിമാനം അപദ്ധത്തില്‍ എയര്‍ഫീല്‍ഡില്‍ ഇറങ്ങിയതാവാമെന്നു സംശയിക്കുന്നവരുമുണ്ട്. വിമാനവുമായി ചുറ്റിപറ്റി ഒരുപാട് കഥകളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.