സ്പാനിഷ് ലീഗ്: റയല്‍ ഞെട്ടി, ബാഴ്‌സ മുന്നേറി

Posted on: September 2, 2014 12:31 am | Last updated: September 2, 2014 at 12:32 am

barsaമാഡ്രിഡ്: സ്‌പെയ്‌നില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡിനെ അട്ടിമറിച്ച് റയല്‍ സോസിഡാഡിന്റെ മുന്നറിയിപ്പ്. അതേ സമയം ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും അത്‌ലറ്റിക്കോ ബില്‍ബാവോയും സെവിയ്യയും ജയം കണ്ടെത്തി. ആദ്യ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റോടെ ബാഴ്‌സലോണയാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. വലന്‍സിയ, സെല്‍റ്റ വിഗോ, ഗ്രനഡ, സെവിയ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് നാല് പോയിന്റ് വീതം. മൂന്ന് പോയിന്റോടെ റയല്‍ പത്താം സ്ഥാനത്ത്.
രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം റയല്‍ മാഡ്രിഡ് അപ്രതീക്ഷിതമായി 2-4ന് തകര്‍ന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയ റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഗാരെത്‌ബെയ്‌ലിനും ഹാമിഷ് റോഡ്രിഗസിനുമാണ് ആക്രമണത്തിന്റെ ചുമതല നല്‍കിയത്. എതിരാളികളുടെ തട്ടകത്തില്‍ ആദ്യ പതിനൊന്ന് മിനുട്ടിനുള്ളില്‍ 2-0ന് റയല്‍ ലീഡെടുക്കുകയും ചെയ്തു.
ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് അഞ്ചാം മിനുട്ടിലും വെയില്‍സ് വിംഗര്‍ ഗാരെത് ബെയ്ല്‍ പതിനൊന്നാം മിനുട്ടിലും വല കുലുക്കി. ഇനിഗോ മാര്‍ട്ടിനെസ് (35), സുരുടുസ (41,65), കാര്‍ലോസ് വേല (75) എന്നിവരിലൂടെ ഹോം ടീം തിരിച്ചടിച്ചപ്പോള്‍ പണക്കൊഴുപ്പില്‍ തുളുമ്പി നിന്ന റോയല്‍ പടക്ക് തലകുനിക്കേണ്ടി വന്നു.
ക്രിസ്റ്റ്യാനോയില്ലാതെ റയലിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റോഡ്രിഗസിനും ബെയ്‌ലിനും കരീംബെന്‍സിമക്കും സാധിക്കാതെ പോയതാണ് കോച്ചിനെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് വകവെക്കാതെ കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ തൊണ്ണൂറാം മിനുട്ടില്‍ ലക്ഷ്യം കണ്ടിരുന്നു.
യൂറോപ ലീഗ് പ്ലേ ഓഫില്‍ റഷ്യന്‍ ക്ലബ്ബ് ക്രസ്‌നോദറിനോട് 3-0ന് തകര്‍ന്നതിന്റെ നിരാശ മായ്ച്ചു കളയുന്നതായിരുന്നു സോസിഡാഡിന്റെ പ്രകടനം. കോച്ച് ജഗോബ അരാസാറ്റെയുടെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, റയലിനെതിരെ നേടിയ തകര്‍പ്പന്‍ജയം അരാസാറ്റെക്ക് പിടിവള്ളിയായി മാറും.
അതേ സമയം റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ടീമാണ് ആഞ്ചലോട്ടിയുടേത്. താരസമ്പന്നമായ നിരക്ക് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടും തിരിച്ചടിയേറ്റിരുന്നു. ലീഗിലാകട്ടെ,രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റാണ് റയലിന് നേടാന്‍ സാധിച്ചത്. മധ്യനിരയിലെ സാബി അലോണ്‍സോയും ഏഞ്ചല്‍ ഡി മാരിയയും ക്ലബ്ബ് വിട്ടത് റയലിന്റെ പ്രകടനത്തെ ബാധിച്ച് തുടങ്ങിയിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ബയേണില്‍ നിന്നെത്തിയ ടോണി ക്രൂസ് അഞ്ചാം മിനുട്ടില്‍ റാമോസിന് ഹെഡര്‍ ഗോളൊരുക്കി തിളങ്ങിയെങ്കിലും ടീം പിറകിലായതിന് ശേഷം തീര്‍ത്തും നിറം മങ്ങി.
വിയ്യാറയലിനെതിരെയാണ് ബാഴ്‌സയുടെ ജയം (1-0). എവേ മത്സരത്തില്‍ ഒഴുക്ക് നഷ്ടപ്പെട്ട ബാഴ്‌സ പകരക്കാരനായെത്തിയ സാന്‍ഡ്രോ റാമിറെസിന്റെ ഗോളില്‍ തല ഉയര്‍ത്തി.
അരങ്ങേറ്റത്തില്‍ ഗോളടിച്ച് റാമിറെസ് താരമാവുകയും ചെയ്തു. ലോകകപ്പിനിടെ ഗുരുതരമായി പരിക്കേറ്റ ബ്രസീല്‍ താരം നെയ്മര്‍ ബാഴ്‌സക്കായി സീസണിലെ ആദ്യ ലീഗ് മത്സരത്തിനിറങ്ങി.
രണ്ടാം പകുതിയിലായിരുന്നു നെയ്മറിന്റെ രംഗപ്രവേശം.
സ്‌കോറിംഗില്‍ തിളങ്ങാന്‍ നെയ്മറിന് സാധിച്ചില്ല. മെസി നല്‍കിയ രണ്ട് പാസുകള്‍ ഗോളാക്കുന്നതില്‍ നെയ്മറിന് പിഴവ് സംഭവിച്ചു. മെസിയുടെ ഗോള്‍ ശ്രമങ്ങളും ഹോം ടീം ഫലപ്രദമായി തടഞ്ഞിരുന്നു. എണ്‍പത്തിരണ്ടാം മിനുട്ടിലെ വിജയഗോള്‍ ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെക്ക് ആശ്വാസം പകരുന്നത് തന്റെ ബി ടീം സെലക്ഷന്‍ വിജയകരമാകുന്നുവെന്നതിലാകും. എല്‍ചെക്കെതിരെ 3-0ന് ജയിച്ചപ്പോള്‍ ബി ടീമില്‍ നിന്ന് പ്രമോഷന്‍ ലഭിച്ച പതിനെട്ടുകാരന്‍ മുനില്‍ എല്‍ ഹദാദി സ്‌കോര്‍ ചെയ്തിരുന്നു.
വിയ്യാറലിനെതിരെ പെഡ്രോ റോഡ്രിഗസിന് പകരം അറുപത്തൊമ്പതാം മിനുട്ടില്‍ കളത്തിലിറങ്ങിയ പത്തൊമ്പതുകാരന്‍ റാമിറെസും വല കുലുക്കി കോച്ചിനോട് നന്ദിയറിയിച്ചു.
ഡിപ്പോര്‍ട്ടീവോ ല കൊരൂന – റയോ വാള്‍കാനോ മത്സരം 2-2ന് പിരിഞ്ഞപ്പോള്‍ എല്‍ചെ – ഗ്രനഡ എഫ്‌സി 1-1 സമനില.
നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് ഈബറിനെ തോല്‍പ്പിച്ചു. മിറാന്‍ഡയും മരിയോ മാന്‍സുകിചും അത്‌ലറ്റിക്കോയുടെ ഗോളുകള്‍ നേടി. അത്‌ലറ്റിക്കോ ബില്‍ബാവോ 3-0ന് ലെവന്റെയെ കീഴടക്കി.