ലാസ്റ്റ് ഗ്രേഡ്: ആദ്യ പരീക്ഷ സെപ്റ്റംബര്‍ 20ന്

Posted on: September 1, 2014 9:07 pm | Last updated: September 1, 2014 at 9:07 pm
SHARE

last gradeതിരുവനന്തപുരം: സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള ആദ്യ പരീക്ഷ സെപ്റ്റംബര്‍ 20ന് നടക്കും. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പരീക്ഷയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ഒക്ടോബര്‍ 11ന് ആലപ്പുഴ, പാലക്കാട്. ഒക്ടോബര്‍ 25 പത്തനംതിട്ട, കാസര്‍ക്കോട്. നവംബര്‍ എട്ട് കോഴിക്കോട്, ഇടുക്കി. നവംബര്‍ 22 കോട്ടയം, മലപ്പുറം. ഡിസംബര്‍ ആറ് കൊല്ലം, തൃശൂര്‍. ഡിസംബര്‍ 20 കണ്ണൂര്‍, എറണാകുളം. എന്നിങ്ങനെയാണ് പരീക്ഷാ കലണ്ടര്‍.

ഉച്ചക്ക് രണ്ടു മുതല്‍ 3.15 വരെയാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അരമണിക്കൂര്‍ മുമ്പോ പരീക്ഷാ ഹാളിലെത്തിയിരിക്കണം. വൈകിയെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. ആദ്യ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ വൈബ്‌സൈറ്റില്‍ ലഭ്യമാവും.

പരീക്ഷയെഴുതുന്ന ഒ എം ആര്‍ ഷീറ്റില്‍ പി എസ് സി മാറ്റം വരുത്തിയിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചേര്‍ക്കേണ്ട എ പാര്‍ട്ടിലാണ് മാറ്റങ്ങള്‍ കൂടുതല്‍. ഉത്തരങ്ങള്‍ രേഖപ്പെടുത്തേണ്ട ബി പാര്‍ട്ടില്‍ ആല്‍ഫാ കോഡിന്റെ ഭാഗത്ത് മാത്രമാണ് മാറ്റങ്ങളുള്ളത്. എ പാര്‍ട്ടില്‍ രജിസ്റ്റര്‍ നമ്പറെഴുതി അതിന് താഴെയുള്ള കുമിളകള്‍ കറുപ്പിക്കണം. എന്നാല്‍ ജനന തിയ്യതി എഴുതിയ ശേഷം അതിന് താഴെയുള്ള കുമിളകള്‍ കറുപ്പിക്കുന്നത് പി എസ് സി ഒഴിവാക്കിയിട്ടുണ്ട്.