സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തി

Posted on: September 1, 2014 9:46 am | Last updated: September 2, 2014 at 12:38 am

oommen chandlതിരുവനന്തപുരം: മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തി. പുതിയ ഗവര്‍ണറെ നിയമിക്കുന്നതില്‍ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിട്ടില്ല. അഭിപ്രായം ചോദിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സദാശിവത്തെ ഗവര്‍മറാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി. നിയമനം കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചീഫ് ജസ്റ്റിസായിരുന്നയാളെ ഗവര്‍ണറാക്കുന്നത് ഉചിതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇന്നലെ പറഞ്ഞിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ കേരളാ ഗവര്‍ണറാക്കുന്നതില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരും എതിര്‍പ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍ പദവിയില്‍ നിന്ന് വിരമിച്ച സദാശിവത്തെ ഷീലാ ദീക്ഷിത് രാജിവെച്ച സാഹചര്യത്തില്‍ ഗവര്‍ണറാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് എതിര്‍പ്പ് വ്യാപകമാകുന്നത്.