Connect with us

Sports

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ചെല്‍സിയുടെ 'ആറാട്ടി'ല്‍ മുങ്ങി എവര്‍ട്ടണ്‍

Published

|

Last Updated

ലിവര്‍പൂള്‍: ഡീഗോ കോസ്റ്റയുടെ ഡബിള്‍ ഗോള്‍ പ്രകടനത്തോടെ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സി എവര്‍ട്ടണിനെ തകര്‍ത്തുവിട്ടു. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ചെല്‍സി എവര്‍ട്ടണിനെ തോല്‍പ്പിച്ചത്. സ്‌പെയിനിന്റെ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയുടെ ഡബിള്‍ പ്രകടനമാണ് ചെല്‍സിയുടെ വിജയത്തിന് മുതല്‍ കൂട്ടായത്. കളി ആരംഭിച്ച് മൂന്ന് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ചെല്‍സി കാണികളെ അമ്പരപ്പിച്ചു. തുടക്കത്തില്‍ വെടിപൊട്ടിച്ചത് കോസ്റ്റയാണെങ്കില്‍ ബ്രെയിന്‍സ്ലാവ് ഇവാനോവിച്ച് രണ്ടാമത്തെ ഗോള്‍ നേടി.
തുടക്കത്തിലേ നേടിയ മൂന്‍കൈ നിലനിര്‍ത്താന്‍ ചെല്‍സി ശ്രമിക്കുന്നതിനിടെ എവര്‍ട്ടണ്‍ കെവിന്‍ മിറല്ലാസിലൂടെ തിരിച്ചടിച്ചു. രണ്ടാം പകുതിയിലാണ് കളിയുടെ യഥാര്‍ഥ മനോഹാരിത കൈവന്നത്. രണ്ടാം പകുതി തുടങ്ങി ഒമ്പത് മിനിറ്റിനിടെ അഞ്ച് ഗോളുകളാണ് രണ്ട് പോസ്റ്റിലുമായി വീണത്. കളിയില്‍ ചെല്‍സി 3-1 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ സീമസ് കോള്‍മാന്റ പിഴവിലൂടെ വന്ന സെല്‍ഫ് ഗോള്‍ വലയിലായി. എന്നാല്‍ രണ്ട് മിനുറ്റിനുശേഷം നിമന്‍ജ മേറ്റിക് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ ചെല്‍സിയുടെ ലീഡ് ഉയര്‍ത്തി. സാമുവല്‍ ഏറ്റു നേടിയ ഗോളില്‍ എവര്‍ട്ടണ്‍ പിന്നാലെയെത്തി. 77 ാം മിനിറ്റില്‍ റാമിറസ് ഗോള്‍ നേടി ലീഡ് 5-3 ആക്കി. തൊണ്ണൂറാം മിനിറ്റില്‍ കോസ്റ്റ എവര്‍ട്ടണിന്റെ മേല്‍ അവസാന ആണിയും അടിച്ചു.
ചെല്‍സിയുടെ മുന്നോട്ടുള്ള വഴിയിലെ കനത്ത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഈ മികച്ച വിജയം സഹായിക്കും. തുടക്കവും ഒടുക്കവും മനോഹരമാക്കി താനാണ് യാഥാര്‍ഥ ഹീറോയെന്ന് ഡീഗോ കോസ്റ്റ തെളിയിച്ചു. തന്നെ ക്ലബില്‍ എടുത്തതിനെ ന്യായീകരിക്കുകയാണ് തന്റെ ഈ പ്രകടനത്തിലൂടെ കോസ്റ്റ ചെയ്തത്. ചെല്‍സിയില്‍ എത്തിയതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളാണ് കോസ്റ്റ നേടിയത്.
ടോട്ടനത്തെ അവരുടെ മൈതാനത്ത് 3-0 ന് തകര്‍ത്ത ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്നിലെത്തി. ടോട്ടനത്തിനെതിരെ ലിവര്‍പൂളിനുവേണ്ടി സ്റ്റെര്‍ലിംഗ്, ജെറാര്‍ഡ്, മൊറേനോ എന്നിവര്‍ ഗോള്‍ നേടി.
ആസ്റ്റണ്‍ വില്ല സീസണിലെ മുന്നേറ്റം തുടരുന്നു. സീസണ്‍ തുടക്കത്തില്‍ തന്നെ അവര്‍ തുടങ്ങിയ വിജയക്കുതിപ്പ് തുടരുകയാണ് വില്ലാപാര്‍ക്കില്‍ ഹള്‍സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ 3-0ന് ജയിച്ച് പോയന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. മത്സരം തുടങ്ങി പതിനാലാം മിനിറ്റില്‍ ഗാബി അഗ്‌ബോന്‍ലാഹറിലൂടെ വില്ല മുന്നിലെത്തി. 36ാം മിനിറ്റില്‍ വെയ്മാന്റെ പത്ത് അടി ദൂരത്ത് നിന്നുള്ള ഷോട്ട് ഹള്‍സിറ്റിയുടെ വല കൂലുക്കി. ഇടവേളക്ക് ശേഷം ജെലാവിച്ചിന്റെ ഹെഡറിലൂടെ ഹള്‍സിറ്റി ആശ്വാസ ഗോള്‍ നേടി. വിജയം തേടി വന്ന ആര്‍സലിന് സമനിലക്കുരുക്ക്. ലെയ്‌സെസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ഇറങ്ങിയ ആര്‍സനലിന് പക്ഷെ വിജയം കൈവരിക്കാനായില്ല. മികച്ച നിരയുമായി പൊരുതാനിറങ്ങിയ ആര്‍സലിന് വിജയ സ്വപ്നം പാതി വഴിയില്‍ വീണുടഞ്ഞു. കളി തുടങ്ങി 20ാം മിനിറ്റില്‍ സാന്‍ചസിലൂടെ മുന്നിലെത്തിയ ആര്‍സനല്‍ ഒരു വേള വിജയം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ ഗോള്‍ വീണ് രണ്ട് മിനിറ്റിനു ശേഷം ലെയ്‌സെസ്റ്റര്‍ തിരച്ചടിച്ചതോടെ ആര്‍സനല്‍ ഭയന്നു. തുടര്‍ന്നങ്ങോട്ട് ഗോളടക്കാന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല.

Latest