വിദ്യാലയങ്ങള്‍ വിജ്ഞാന ഘോഷങ്ങളിലേക്ക് വീണ്ടും

Posted on: August 31, 2014 7:12 pm | Last updated: August 31, 2014 at 7:12 pm

ഷാര്‍ജ: രാജ്യത്തെ വിദ്യാലയ മുറ്റങ്ങള്‍ ഇന്നു മുതല്‍ വീണ്ടും വിദ്യാര്‍ഥികളാല്‍ ശബ്ദ മുഖരിതമാവും. രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ് ക്ലാസുകള്‍ ഇന്നു പുനരാരംഭിക്കും. വിദ്യാലയങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അന്നു ജോലിയില്‍ പ്രവേശിച്ചിരുന്നു. രാജ്യത്താകമാനം 9.7 ലക്ഷം വിദ്യാര്‍ഥികളാണ് വിദ്യാലയങ്ങളിലെത്തുന്നത്. 1,400 വിദ്യാലയങ്ങളാണ് യു എ ഇയിലുള്ളത്.
രണ്ടു മാസത്തെ അവധി ആഘോഷിച്ച ശേഷമാണ് കുട്ടികള്‍ വിദ്യ നുകരാനായി പള്ളിക്കൂടങ്ങളിലെത്തുന്നത്. പ്രവാസി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാനായി നാട്ടില്‍ പോയിരുന്നു. ചുരുക്കം പേര്‍ മാത്രമാണ് ഇവിടെ തന്നെ അവധിക്കാലം കഴിച്ചുകൂട്ടിയത്. നാട്ടിലെ തകര്‍ത്തു പെയ്ത മഴ വേണ്ടുവോളം ആസ്വദിച്ചും മറ്റുമാണ് കുരുന്നുകള്‍ മടങ്ങുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ എത്തും. മടക്ക വിമാനടിക്കറ്റെടുക്കാതെ പോയവരില്‍ അധികവും നാട്ടില്‍ കുടുങ്ങിക്കിടപ്പാണ്. ഭീമമായ ടിക്കറ്റ് നിരക്കാണ് കാരണം.
വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പല വിദ്യാലയങ്ങളിലും ഇന്നലെ തിരക്കിട്ടാണ് അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വിദ്യാലയങ്ങളിലേക്ക് ആവേശത്തോടെ പോകാന്‍ വിദ്യാര്‍ഥികളും മക്കളെ അയക്കാന്‍ രക്ഷിതാക്കളും തയ്യാറെടുത്തു കഴിഞ്ഞു. കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രികളും മറ്റും വാങ്ങുന്ന തിരക്കിലായിരുന്നു രക്ഷിതാക്കള്‍. സ്‌കൂള്‍ ബാഗുകള്‍ക്കും പഠന വസ്തുക്കള്‍ക്കും ആകര്‍ഷകമായ ഇളവാണ് പല വ്യാപാര സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കടുത്ത ചൂടിനിടെയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. കുട്ടികളുടെ സുരക്ഷക്കും മറ്റും ശക്തമായ നടപടികളാണ് ഭരണകൂടവും സ്‌കൂള്‍ അധികൃതരും കൈക്കൊണ്ടിട്ടുള്ളത്.