നിര്‍ബന്ധ സൈനിക സേവനം: സ്വദേശി യുവാക്കള്‍ പരിശീലനം ആരംഭിച്ചു

Posted on: August 31, 2014 7:07 pm | Last updated: August 31, 2014 at 7:07 pm

അബുദാബി: രാജ്യം പ്രഖ്യാപിച്ച സ്വദേശി യുവാക്കള്‍ക്കുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് ഇന്നലെ തുടക്കമായി. യുവാക്കള്‍ വര്‍ധിച്ച ആവേശത്തോടെയാണ് ഒമ്പതു മാസം ദൈര്‍ഘ്യമുള്ള സൈനിക സേവനത്തിനായി അരയും തലയും മുറുക്കി എത്തിയത്. ഉറ്റവരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം യാത്ര പറഞ്ഞായിരുന്നു ആയിരക്കണക്കിന് യുവാക്കള്‍ സൈനിക ബാരക്കുകളിലേക്ക് പ്രവഹിച്ചത്. വിദ്യാലയത്തില്‍ സഹപാഠികളായിരുന്ന അഹമ്മദ് അല്‍ മന്‍സൂരിയും ഖലീഫ അല്‍ മരാറും ഒന്നിച്ചായിരുന്നു കാറില്‍ അബുദാബിയില്‍ നിന്നും അല്‍ ഐനിലെ സീഹ് അല്‍ ഹമ സൈനിക ക്യാമ്പില്‍ പരിശീലനത്തിന് റിപോര്‍ട്ട് ചെയ്യാന്‍ എത്തിയത്. ഇനി മൂന്നാഴ്ചക്ക് ശേഷമേ ഇവരുള്‍പ്പെടെയുള്ളവര്‍ കുടുംബത്തിന്റെ ഊഷ്മളതയിലേക്ക് മടങ്ങൂ.
തനിക്ക് സൈനിക ക്യാമ്പിലേക്ക് വന്നതില്‍ സംങ്കടമില്ലെന്ന് 18 കാരനായ അല്‍ മരാര്‍ പ്രതികരിച്ചു. ആവശ്യമായ മാനസിക തയ്യാറെടുപ്പോടെയാണ് എത്തിയിരിക്കുന്നതെന്നും ഖലീഫ സിറ്റിയിലെ അല്‍ ഇത്തിഹാദ് സ്‌കൂളില്‍ നിന്ന് സെക്കന്ററി വിദ്യാഭ്യാസം അടുത്തിടെ പൂര്‍ത്തിയാക്കിയ ഈ യുവാവ് വ്യക്തമാക്കി. അജ്മാനിലും അല്‍ ഐനിലുമായുള്ള അഞ്ച് പട്ടാള ബാരക്കുകളിലേക്കാണ് ആയിരക്കണക്കിന് യുവാക്കള്‍ ഇന്നലെ എത്തിയത്. ഇവര്‍ക്ക് ആദ്യ ഘട്ടമായി മൂന്നു മാസത്തെ പരിശീലനമാണ് നല്‍കുക. പിന്നീട് നവംബര്‍ അവസാനമാവും രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുക.
രാഷ്ട്ര സേവനത്തിനായി ഇറങ്ങാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അല്‍ മന്‍സൂരിയുടെ പ്രതികരണം. മൂന്നാഴ്ച തുടര്‍ച്ചായായി വീട്ടില്‍ നിന്നു വിട്ടുനില്‍ക്കണമെന്നത് വിഷമിപ്പിക്കുന്ന കാര്യമാണെങ്കിലും മഹത്തായ ഒരു കാര്യത്തിനാണെന്നതില്‍ സന്തോഷമുണ്ടെന്നും ഈ യുവാവ് പറഞ്ഞു.