പ്രസിഡന്റ് സ്ഥാനത്തിനായി മുസ്്‌ലിംലീഗിന്റെ ചരടുവലി

Posted on: August 30, 2014 9:16 am | Last updated: August 30, 2014 at 9:16 am

വണ്ടൂര്‍: യു ഡി എഫ് ഭരിക്കുന്ന പോരൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തിനായി മുസ്്‌ലിം ലീഗ് നീക്കങ്ങള്‍ ശക്തമാക്കി. ദിവസങ്ങളായി ചര്‍ച്ചകള്‍ സജീവമായിട്ടും കോണ്‍ഗ്രസ് ഇതിന് തയ്യാറായിട്ടില്ല.
ഇതോടെ അവിശ്വാസപ്രമേയമുള്‍പ്പെടെയുള്ള ശക്തമായ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുസ്്‌ലിംലീഗ് കേന്ദ്രത്തില്‍ നടക്കുന്നത്. ഇന്നലെ രാത്രി എരഞ്ഞിക്കുന്നില്‍ ചേര്‍ന്ന യോഗത്തിലും മുസ്്‌ലിംലീഗ് ഇക്കാര്യം ചര്‍ച്ച ചെയ്തു. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് -ഏഴ് , മുസ്്‌ലിംലീഗ് -മൂന്ന്, സി പി എം-അഞ്ച്, എന്‍ സി പി-ഒന്ന്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.
കോണ്‍ഗ്രസിലെ എന്‍ എം ശങ്കരന്‍ നമ്പൂതിരി പ്രസിഡന്റും മുസ്്‌ലിം ലീഗിലെ എം സീനത്ത് വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് നാല് വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്താം വാര്‍ഡില്‍ മത്സരിച്ച മുസ്്‌ലിംലീഗിലെ അംഗത്തെ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തോല്‍പ്പിച്ചതായി വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. ഇതോടെ യു ഡി എഫ് പഞ്ചായത്ത് ഭരണത്തില്‍ നിന്ന് അകന്നു നില്‍ക്കാനായിരുന്നു മുസ്്‌ലിംലീഗിന്റെ ശ്രമം. എന്നാല്‍ അവസാന വര്‍ഷം മുസ്്‌ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന മന്ത്രിമാരുള്‍പ്പടെയുള്ളവരുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിച്ചത്.
ഇതനുസരിച്ച് അടുത്തമാസം 15ന് നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മാറി മുസ്്‌ലിംലീഗിലെ സിടി മുഹമ്മദിനെ പ്രസിഡന്റാക്കാനായിരുന്നു മുസ്്‌ലിംലീഗിന്റെ തീരുമാനം. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഭരണമാറ്റക്കാര്യം താഴെത്തട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇതിന് ന്യായീകരണമായി ഉയര്‍ത്തുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവശ്യപ്പെട്ട സീറ്റ് മത്സരിക്കാന്‍ നല്‍കാത്തതിനാല്‍ മുസ്്‌ലിംലീഗ് ഒറ്റക്കാണ് ഇവിടെ മത്സരിച്ചത്. തുടര്‍ന്ന് സി പി എമിനോടൊപ്പം ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രവും പോരൂരിനുണ്ട്.
അതെസമയം പുതിയ പ്രതിസന്ധിക്ക് നാളെ വണ്ടൂര്‍ മുസ്്‌ലിംലീഗ് ഓഫീസില്‍ ചേരുന്ന യോഗത്തില്‍ ധാരണയാകുമെന്നാണറിയുന്നത്.