ചട്ടവിരുദ്ധ നടപടികളെ ചോദ്യം ചെയ്ത എ ഇ ഒയെ സ്ഥലംമാറ്റി

Posted on: August 30, 2014 8:42 am | Last updated: August 30, 2014 at 8:42 am

വടകര: ക്രമവിരുദ്ധമായ സ്‌കൂള്‍ സമയമാറ്റത്തെയും അനുവാദമില്ലാതെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നടത്തുന്നതും ചോദ്യം ചെയ്തതിന് ചോമ്പാല എ ഇ ഒ. കെ പി വിജയലക്ഷ്മിയെ ഭരണസ്വാധീനമുപയോഗിച്ച് സ്ഥലംമാറ്റിയതായി ആക്ഷേപം. അഴിയൂര്‍ പഞ്ചായത്തിലെ പനാടേമ്മല്‍ എം എല്‍ പി സ്‌കൂളിലെ ചട്ടവിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിനാണ് എ ഇ ഒയെ കോഴിക്കോട് ആഴ്ചവട്ടം ഹൈസ്‌കൂളിലേക്ക് പ്രധാനാധ്യാപികയായി സ്ഥലം മാറ്റിയത്.
വിവാദ വിദ്യാലയത്തിലെ അധ്യാപകനും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ ആളാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് എ ഇ ഒ പറഞ്ഞു. കണ്ണൂര്‍ ജില്ലക്കാരനും ഭരണകക്ഷി അനുഭാവിയുമായ ഒരു അധ്യാപകനെ ചോമ്പാല എ ഇ ഒ ആയി പകരം നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ട്. എ ഇ ഒയുടെ സ്ഥലംമാറ്റ ഉത്തരവില്‍ റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ എന്നാണ് വ്യക്തമാക്കുന്നതെങ്കിലും സ്ഥലംമാറ്റത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് എ ഇ ഒ പറഞ്ഞു. ചട്ടവിരുദ്ധമായ സ്ഥലംമാറ്റത്തിനെതിരെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച വരെ എ ഇ ഒ ആയി തുടരാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച പരാതി വീണ്ടും പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും.