നെടുമ്പാശേരി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി വായ്പയെടുക്കും

Posted on: August 30, 2014 12:04 am | Last updated: August 30, 2014 at 12:04 am

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്കായി 1500 കോടി രൂപ വരെ വായ്പയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം 20 ശതമാനം നല്‍കണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ഇതേപ്പറ്റി ആലോചിക്കാമെന്നും അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സിയാലിന്റെ ഓഹരിയുടമകള്‍ക്ക് പതിനെട്ട് ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ പൊതുയോഗം അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം 17 ശതമാനമായിരുന്നു ലാഭവിഹിതം നല്‍കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ 361.39 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. നികുതി കിഴിച്ചുള്ള ലാഭം 124.37 കോടി രൂപയും. സിയാലിന് പതിനേഴായിരത്തിലധികം ഓഹരിയുടമകളുണ്ട്.
പതിനെട്ട് ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചതോടെ സിയാല്‍ ഓഹരിയുടമകള്‍ക്ക് ഇതുവരെ ലഭിച്ച ലാഭവിഹിതം 132 ശതമാനമായി ഉയരും. ഓഹരിയുടമകള്‍ക്ക് നാല് ഓഹരികള്‍ക്ക് ഒരോഹരി എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവധി തീരുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാര്‍ കെ എ മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നിവരുടെ പുനര്‍നിയമനത്തിനും വാര്‍ഷിക പൊതുയോഗം അനുമതി നല്‍കിയിട്ടുണ്ട്.