പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി;സൈന്യം മധ്യസ്ഥത വഹിക്കും

Posted on: August 30, 2014 12:33 am | Last updated: August 30, 2014 at 5:31 pm

pakisthanഇസ്‌ലാമാബാദ്: നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ സുഗമമാക്കുന്ന പങ്കാണ് വഹിക്കുന്നതെന്ന് പാക്കിസ്ഥാന്‍ സൈന്യം. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കഴിഞ്ഞ ദിവസത്തെ യോഗത്തില്‍, ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ സൈന്യത്തിന് മുന്നില്‍ വെച്ചതായി ഡയറക്ടര്‍ ജനറല്‍ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഡി ജി ഐ എസ് പി ആര്‍) അറിയിച്ചു. സൈന്യത്തിന് അനുവാദം നല്‍കിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രക്ഷോഭ നേതാക്കളായ ഇംറാന്‍ ഖാനും ത്വാഹിറുല്‍ ഖാദിരിയും ജനറല്‍ റഹീലുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും റഹീലിന് താത്പര്യമുണ്ടെങ്കില്‍ ചര്‍ച്ചക്ക് അനുവാദം നല്‍കിയതായും പ്രധാനമന്ത്രി നവാസ് ശരീഫ് പാര്‍ലിമെന്റില്‍ അറിയിച്ചു. ഐ എസ് പി ആറിന്റെ പ്രസ്താവന പുറത്തുവിടും മുമ്പ,് തന്നെ കാണിച്ചതായും അത് സര്‍ക്കാറിന്റെ നിലപാടാണെന്നും ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അറിയിച്ചു.
അതേസമയം, മധ്യസ്ഥന്റെ പങ്ക് വഹിക്കാന്‍ സൈന്യത്തോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രക്ഷോഭ രംഗത്തുള്ള പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫും, പാക്കിസ്ഥാന്‍ അവാമി തഹ്‌രീകും അറിയിച്ചു. സര്‍ക്കാറാണ് സൈന്യത്തിന്റെ സഹായം തേടിയത്. തെളിവായി ട്വിറ്റര്‍ സന്ദേശങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടി. പി ടി ഐയും പി എ ടിയും അത്തരമൊരു പ്രസ്താവന നടത്തിയെന്ന് നവാസ് ശരീഫ് കള്ളം പറഞ്ഞിരിക്കുകയാണെന്നും ഇരു നേതാക്കളും പറഞ്ഞു. മധ്യസ്ഥന്റെ പങ്ക് വഹിക്കണമെന്ന് സര്‍ക്കാറാണ് ആവശ്യപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.