രാജ്യത്തിന് മാതൃകയായി കേരള പി എസ് സി

Posted on: August 29, 2014 12:59 am | Last updated: August 29, 2014 at 12:59 am

തിരുവനന്തപുരം: ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നേരിട്ട് സമ്പൂര്‍ണ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്ന രാജ്യത്തെ ആദ്യ പബ്ലിക് സര്‍വീസ് കമ്മീഷനാകും കേരളത്തിന്റെത്. വിശ്വാസ്യതയില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികവ് പുലര്‍ത്തുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പാണിത്. ഓണ്‍ലൈന്‍ പരീക്ഷ നേരത്തെ രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയിരുന്നെങ്കിലും അത് നേരിട്ടായിരുന്നില്ല. രാജസ്ഥാന്‍ പി എസ് സിക്ക് വേണ്ടി ഒരു സ്വകാര്യ ഏജന്‍സിയായിരുന്നു പരീക്ഷ നടത്തിയരുന്നത്. പ്രതിവര്‍ഷം 25 ലക്ഷത്തിലധികം വരുന്ന അപേക്ഷകരില്‍ നിന്ന് കൃത്യവും കണിശവുമായ പ്രക്രിയകളിലൂടെ 30000 ത്തോളം ഉദ്യോഗാര്‍ഥികള്‍ ജോലി നല്‍കുന്ന ഏറ്റവും മികച്ച കമ്മീഷനാണ് കേരളത്തിന്റെത്. ഒരേസമയം 240 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന സംവിധാനമാണ് തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തുമായി ആറുവീതം സീറ്റുകളുള്‍പ്പെടെ ഒരു നിരയില്‍ 12 സീറ്റുകളാണുള്ളത്.

ഐഡന്റിഫിക്കേഷന്‍ സമയം മുതല്‍ ഉദ്യോഗാര്‍ഥി ക്യാമറാ നിരീക്ഷണത്തിലാകും. നിരീക്ഷണത്തിനായി ഹാളില്‍ 16 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 മിനുട്ട് പരീക്ഷയുടെ ഡൊമോണ്‍സ്‌ട്രേഷന് സമയം നല്‍കുന്നുണ്ട്. തുടര്‍ന്ന് 100 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരീക്ഷക്ക് 75 മിനുട്ടാണ് അനുവദിക്കുന്നത്. ശരിയുത്തരം ചെയ്യുന്ന ഒരു ചോദ്യത്തിന് ഒരു മാര്‍ക്കും, തെറ്റായി ഉത്തരം നല്‍കുന്ന ചോദ്യത്തിന് 0.33 മൈനസ് മാര്‍ക്കും നല്‍കും. പരീക്ഷ പൂര്‍ത്തിയായാല്‍ മാത്രമേ ഉദ്യാര്‍ഥികളെ പരീക്ഷാഹാള്‍ വിട്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. പരീക്ഷാ നടത്തിപ്പിനായി 24 ഉദ്യോഗാര്‍ഥികള്‍ ഒരു ഇന്‍വിജിലേറ്റര്‍ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ഉദ്യോഗാര്‍ഥികളെ ക്യാമറയിലൂടെ നിരീക്ഷിക്കാന്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാരുമുണ്ടാകും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒരു ഇലക്ട്രിക് ഉപകരണങ്ങളും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. ഒപ്പം ഉദ്യോഗാര്‍ഥികള്‍ പരസ്പരം സംസാരിക്കുന്നതിനും മറ്റുള്ളവരുടെ സ്‌ക്രീനില്‍ നോക്കുന്നതിനും വിലക്കുണ്ടാകും.
പി എസ് സിയിലെ ഗവേഷണ അവലോകന വിഭാഗത്തിന്റെ ആസൂത്രണത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സംയുക്ത സംരഭമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈന്‍ഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ്, സി-ഡിറ്റ്, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളും പി എസ് സിയിലെ സാങ്കേതിക ഉദ്യോഗസ്ഥരുമടങ്ങിയ കൂട്ടായ്മയാണ് രാജ്യത്തിന് മാതൃകയായ സംരഭം പൂര്‍ത്തീകരിച്ചത്.