Connect with us

National

അസമില്‍ വെള്ളപ്പൊക്കം: 12 ലക്ഷത്തിലധികം ജനങ്ങള്‍ ദുരിതത്തില്‍

Published

|

Last Updated

ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കം 12 ലക്ഷത്തിലധികം ജനങ്ങളെ ദുരിതത്തിലാക്കി. അസമിലെ 16 ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രയാസം നേരിടുന്നത്. തുടര്‍ച്ചയായി പെയ്ത മഴ മൂലം ബ്രഹ്മപുത്ര അടക്കമുള്ള നിരവധി നദികള്‍ അപകട ലൈന്‍ കവിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് വെള്ളപ്പൊക്കം മൂലം 16 ജില്ലകളിലായി 1.12 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തു.
ലക്കിംപൂര്‍, ധെമാജി ജില്ലകളിലെ അവസ്ഥ വളരെ പരിതാപകരമാണ്. അരുണാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സുബന്റി നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്രയും ഇതിന്റെ പോഷക നദികളും കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ദിബ്രുഗഢിലെ അവസ്ഥയും വ്യത്യസ്തമല്ല. ദിബ്രൂഗഢിലെ കിഴക്കും പടിഞ്ഞാറുമുള്ള 35ലധികം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെ മാത്രം വെള്ളപ്പൊക്കം 23,000ത്തിലധികം ആളുകളെ ബാധിച്ചു. ദിബ്രുഗഢില്‍ 31,665 ഹെക്ടറിലെ കൃഷികളും നശിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘ(എന്‍ ഡി ആര്‍ എഫ്) ത്തിന്റെ സഹായം അസം സര്‍ക്കാറിന് അനിവാര്യമായിരിക്കുകയാണ്.
വ്യത്യസ്ത ജില്ലകളിലായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇതുവരെ ഏഴ് പേര്‍ മരിച്ചു. സംസ്ഥാനവ്യാപകമായി 90,867 ഹെക്ടര്‍ കൃഷി ഭൂമിയെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനവ്യാപകമായി 118 റിലീഫ് ക്യാമ്പുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. 95,922 പേരാണ് ഇത്തരം റിലീഫ് ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളപ്പൊക്കം ബാധിച്ച ജോര്‍ഹാത്ത്, ദിബ്രുഗഢ്, ഗോല്‍ഘാട്ട്, ശിവസാഗര്‍, സോനിത്പൂര്‍, നല്‍ബാരി, ബാര്‍പേറ്റ, ബൊംഗായ്ഗണ്‍, മോറിയഗൗണ്‍, കാംരൂപ്, ധുബ്രി, കൊക്രാജര്‍, കര്‍ബി, ധേമാജി, ലക്കിംപൂര്‍ എന്നീ ജില്ലകളിലാണ് ഇപ്പോള്‍ ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.
പല സ്ഥലങ്ങളിലും ബ്രഹ്മപുത്ര നദി അപകട ലൈന്‍ കവിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 375.66 ക്വിന്റല്‍ അരി, 69 ക്വിന്റല്‍ കിഴങ്ങ് തുടങ്ങിയവ ഇതുവരെയായി വിതരണം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലകളില്‍ സംസ്ഥാന ആരോഗ്യ വകുപ്പും സദാ ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്.