കോട്ടയത്ത് വാന്‍ തോട്ടിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്

Posted on: August 27, 2014 7:59 am | Last updated: August 28, 2014 at 12:33 am

van accident

കോട്ടയം: നിയന്ത്രണം വിട്ട വാന്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്. എം സി റോഡില്‍ നിയന്ത്രണം വിട്ട വാന്‍ മണിപ്പുഴ പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന തൃശൂര്‍ പീച്ചി സ്വദേശികളായ ഡ്രൈവര്‍ ഗിരീഷ്(21), പ്രശാന്ത്(29), പിതാവ് പ്രഭാകരന്‍(60), പ്രഭാകരന്റെ ഭാര്യ അജിത(50), അജിതയുടെ സഹോദരന്‍ ഷാജി (40), ഷാജിയുടെ ഭാര്യ വിജയകുമാരി (30) മക്കളായ യദുകൃഷ്ണ(12), അമൃത (16), ബെന്‍സി (32), ബെന്‍സിയുടെ മാതാവ് എന്നിവര്‍ക്കാണു പരിക്കേറ്റത്. ആരുടെയും പരിക്കു ഗുരുതരമല്ല.

ബെന്‍സി, അമൃത എന്നിവരെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികില്‍സകള്‍ക്കു ശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റി. നിസാര പരിക്കേറ്റ മറ്റുള്ളവര്‍ക്കു ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ബെന്‍സിയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിന് തിരുവനന്തപുരത്തെ പി എസ് സി ഓഫിസില്‍ പോയി മടങ്ങും വഴിയാണ് അപകടം.